ന്യൂയോർക്ക്: ആകാശത്തെ അമ്പിളിയ്ക്ക് കൂട്ടായി കുഞ്ഞമ്പിളി (മിനി മൂൺ) എത്തിക്കഴിഞ്ഞു. ഇതിന്റെ വാർത്തകൾ മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നതിന് പിന്നാലെ കുഞ്ഞമ്പിളിയെ കാണാൻ എല്ലാവരും ആകാശത്തേയ്ക്ക് നോക്കി ഇരിക്കുകയാണ്. എന്നാൽ ഈ കുഞ്ഞമ്പിളിയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുമോ?.
അർജുന എന്ന ഛിന്നഗ്രഹത്തിന്റെ കൂട്ടത്തിൽപ്പെടുന്ന ഛിന്നഗ്രഹമാണ് മിനി മൂൺ എന്ന പേരിൽ അറിയപ്പെടുന്നത്. സഞ്ചാരത്തിനിടെ ഈ ഛിന്നഗ്രഹം കഴിഞ്ഞ ദിവസമാണ് ഭൂമിയ്ക്ക് അടുത്തായി എത്തിയത്. നിലവിൽ ചന്ദ്രനെപ്പോലെ ഈ കുഞ്ഞൻ ഛിന്നഗ്രഹവും ഭൂമിയെ വലം വയ്ക്കുകയാണ്. ഇതേ തുടർന്നാണ് ഈ ഛിന്നഗ്രഹത്തിന് മിനി മൂൺ എന്ന ചെല്ലപ്പേര് ലഭിച്ചതും. എന്നാൽ ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തെക്കാൾ പത്ത് മടങ്ങ് അകലത്തിലാണ് ഈ കുഞ്ഞൻ അമ്പിളി ഉള്ളത്. അതുകൊണ്ട് തന്നെ ചന്ദ്രനെപോലെ ഇതിനെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുകയില്ല എന്നതാണ് വാസ്തവം. ദൂരെയുള്ള വസ്തുക്കളെ അടുത്തായി കാണാനായി ഉപയോഗിക്കുന്ന ബൈനോ കുലറുകളും ടെലിസ്‌കോപ്പുകളും കൊണ്ട് നിരീക്ഷിച്ചാലും ഇത് കണ്ണിൽപ്പെടുകയില്ല.
അത്യാധുനിക സാങ്കേതികവിദ്യകളാൽ തയ്യാറാക്കിയ ടെലസ്‌കോപ്പ് കൊണ്ട് മാത്രമേ ഈ മിനി മൂണിനെ കാണാൻ സാധിക്കുകയുള്ളൂ. ഐഎസ്ആർഒ, നാസ തുടങ്ങിയ ബഹിരാകാശ ഗവേഷണ ഏജൻസികളുടെ പക്കൽ മാത്രമാണ് ഈ ടെലസ്‌കോപ്പ് ഉള്ളത്. അതിനാൽ ഗവേഷകർക്ക് മാത്രമേ ഇവയെ ദർശിക്കാൻ കഴിയുകയുള്ളൂ.
ടെറസ്ട്രിയൽ ഇംപാക്ട് ലാസ്റ്റ് അലർട്ട് സിസ്റ്റം ഉപയോഗിച്ചാണ് നാസയിലെ ഗവേഷകർ ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഓഗസ്റ്റ് 7 നായിരുന്നു ആദ്യമായി ഈ ഛിന്നഗ്രഹം ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇതിനെ ഗവേഷകർ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു. ഇപ്പോഴും ഈ ഛിന്നഗ്രഹം ഭൂമിയിക്ക് ഭീഷണിയാകുമോയെന്ന് ഇവർ നിരീക്ഷിച്ചുവരികയാണ്.
Discussion about this post