മുംബൈ: ബഹിരാകാശ ഏജന്‍സിയായ ഐ.എസ്.ആര്.ഒയുടെ പിഎസ്എല്‍വി (പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) പദ്ധതിയില്‍ അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ സ്വകാര്യ പങ്കാളികളെക്കൂടി ഉള്‍പ്പെടുത്താന്‍ ആലോചന.
ഐഎസ്ആര്‍ഒ ചെയര്മാന് എ.എസ്.കിരണ്കുമാറാണ്് ഇക്കാര്യം അറിയിച്ചത്. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ സ്വകാര്യ പങ്കാളികളുമായി കൈകോര്‍ത്ത് ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്പ്പറേഷന് വഴിയാകും പിഎസ്എല്‍വി വിക്ഷേപണം.
മേക്ക് ഇന്‍ ഇന്ത്യ വീക്ക് അനുബന്ധിച്ചു വ്യാവസായിക പ്രമുഖന്മാരുമായി ഇക്കാര്യം സംസാരിക്കുന്നുണ്ടെന്നും 2020തോടു കൂടി പ്രാവര്‍ത്തികമാക്കാനാണ് ശ്രമിക്കുന്നതെന്നും കിരണ്‍കുമാര്‍ അറിയിച്ചു.
പിഎസ്എല്‍വി വിക്ഷേപണവും മറ്റും സ്വകാര്യവല്ക്കരിക്കുമ്പോള് ഈ മേഖലയില്‍ വന്കുതിപ്പുണ്ടാകുമെന്നു വിലയിരുത്തപ്പെടുന്നു. നിലവില്‍ വര്‍ഷം 12 വിക്ഷേപണങ്ങളാണ് നടത്തുന്നത്. ഇതു 18 ആക്കാന്‍ കഴിയും. ഐഎസ്ആര്‍ഒയ്ക്കു ചെലവും കുറയും.
1993ല്‍ ആദ്യ വിക്ഷേപണം നടത്തിയ പിഎസ്എല്‍വി ഇന്നുവരെ 33 ദൗത്യങ്ങളാണ് നിര്‍വഹിച്ചിട്ടുള്ളത്. ആദ്യ ദൗത്യത്തില്‍ പരാജയപ്പെട്ടതല്ലാതെ ഇതുവരെ പിഎസ്എല്‍വി പരാജയം അറിഞ്ഞിട്ടില്ല.
പദ്ധതി പ്രാവര്‍ത്തികമായാല്‍ യുഎസിന്റെ യുണൈറ്റഡ് ലോഞ്ച് അലയന്‍സിനു (യുഎല്‍എ) സമാനമായതാകും പദ്ധതി. ലോക്ഹീഡ് മാര്ട്ടിന്, ബോയിങ് കമ്പനികളുടെ സംയുക്ത പ്രസ്ഥാനമാണ് യുഎല്‍എ. ഇതോടെ യുഎസ് ബഹിരാകാശ പദ്ധതികള്‍ക്കുള്ള ചെലവും വന്‍തോതില്‍ കുറഞ്ഞു.
Discussion about this post