കോഴിക്കോട്; അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി ലോറി ഉടമ മനാഫ്. താൻ പിരിവ് നടത്തിയിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും മനാഫ് പറഞ്ഞു. യൂട്യൂബ് ചാനൽ തുടങ്ങുന്നതിൽ എന്താണ് തെറ്റെന്ന് ചോദിച്ച മനാഫ് തന്റെ ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്ന് മനാഫ് കൂട്ടിച്ചേർത്തു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കല്ലെറിഞ്ഞ് കൊല്ലട്ടെ, എത്ര ക്രൂശിച്ചാലും താൻ ചെയ്തത് നിലനിൽക്കുമെന്നും ലോറി ഉടമ പറയുന്നു. ലോറിയ്ക്ക് അർജുൻ എന്ന് തന്നെ പേരിടുമെന്നും താൻ വേറെ ലെവലാണെന്നും മനാഫ് പറയുന്നു.
മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപയുമായി ചേർന്ന് നാടകം കളിച്ചു എന്നും കുടുംബം ആരോപിച്ചിരുന്നു. മനാഫ് മാദ്ധ്യമശ്രദ്ധയ്ക്ക് വേണ്ടി മാത്രം നിൽക്കുന്നുവെന്നും, വൈകാരികത മുതലെടുത്ത് അർജുന്റെ പേരിൽ പണം പിരിക്കുന്നുവെന്നും കുടുംബം ആരോപിച്ചു. അർജുന്റെ മരണത്തിൽ മനാഫ് മാർക്കറ്റിങ് നടത്തുന്നുവെന്നും അർജുനെ 75000 രൂപ ശമ്പളം ഉണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണ് എന്നും കുടുംബം ആരോപിച്ചു. മനാഫിന്റെ സഹോദരൻ മുബീൻ ആത്മാർത്ഥമായി കൂടെ നിന്നെന്നും കുടുംബം പറയുന്നു.
നാലാമത്തെ മകനായി അർജുന്റെ മകനെ വളർത്തുമെന്ന് മനാഫ് പറഞ്ഞത് വേദനിപ്പിച്ചു. അർജുന്റെ പേരിൽ സമാഹരിക്കുന്ന ഫണ്ടുകൾ ഞങ്ങൾക്ക് വേണ്ട. ഈ ചൂഷണം തുടർന്നാൽ കൂടുതൽ ശക്തമായി പ്രതികരിക്കേണ്ടിവരും. പബ്ലിസിറ്റിക്കായി ചിലർ മനാഫിനൊപ്പം പണം നൽകാനെത്തി. ഞങ്ങൾക്കുവേണ്ടി മനാഫ് ഫണ്ട് ശേഖരിക്കേണ്ട ആവശ്യമില്ല. ഇനി തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും കുടുംബം ആരോപിച്ചിരുന്നു.
Discussion about this post