ന്യൂഡൽഹി; അഭിമാനനേട്ടത്തിൽ ഇന്ത്യ. രാജ്യത്തിന്റെ വിദേശ നാണ്യശേഖരം ചരിത്രത്തിലാദ്യമായി 70,000 കോടി ഡോളർ കടന്നു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. റഷ്യയെ കടത്തിവെട്ടിയാണ് ഇന്ത്യയുടെ കുതിപ്പ്. ചൈന (3.28 ലക്ഷം കോടി ഡോളർ), ജപ്പാൻ (1.3 ലക്ഷം കോടി ഡോളർ), സ്വിറ്റ്‌സർലൻഡ് (89,000 കോടി ഡോളർ) എന്നീരാജ്യങ്ങളാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത്.
സെപ്തംബർ 27 ന് 1260 കോടി ഡോളർ ഉയർന്ന് 70,480 കോടി ഡോളറിൽ എത്തിനിൽക്കുകയായിരുന്നു. വിദേശകറൻസി ആസ്തിയിൽ 1000 കോടി ഡോളറിന്റെയും കരുതൽ സ്വർണസേഖരത്തിൽ 200 കോടി ഡോളറിന്റെയും വർദ്ധനയുണ്ടായതാണ് ഈ നേട്ടതിന് സഹായിച്ചത്. ഈ വർഷം ഇതുവരെ വിദേശനാണ്യശേഖരത്തിൽ 11,790 കോടി ഡോളറാണ് ഉയർന്നത്. ആർബിഐ ഗവർണറായി ശക്തികാന്ത ദാസ് ചുമതലയേറ്റ ശേഷം മാത്രം വിദേശനാണ്യശേഖരത്തിലുണ്ടായ വർദ്ധന 29,800 കോടി ഡോളറാണ്.
അതേസമയം പാകിസ്താന്റെ വിദേശനാണ്യശേഖരം 1070 കോടി ഡോളർ മാത്രമാണ്. രാജ്യാന്തരനാണ്യനിധിയിൽ നിന്ന് ലഭിച്ച 102 കോടി ഡോളറിന്റെ പാക്കേജ് കൂടി കൂട്ടിയാണ് ആയിരം കടന്നത്.
ഇന്ത്യയുടെ വിദേശനാണ്യശേഖരത്തിലെ കുതിപ്പ് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയുടെയും വളർച്ചയുടെയും തെളിവായാണ് സാമ്പത്തികവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തിന്റെ കറൻസിയുടെ മൂല്യം കുത്തനെ കുറയുന്നത് തടയാനും,അതിന്റെ സ്ഥിരത ഉറപ്പാക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും വിദേശനാണ്യശേഖരം കൊണ്ട് സാധിക്കും. ഓഹരി കടപ്പത്ര വിപണിയിലേക്ക് വിദേശനിക്ഷേപം കുമിഞ്ഞുകൂടുന്നത് കൊണ്ട് കൂടിയാണ് വിദേശനാണ്യ ശേഖരം ഉയരുന്നത്.
ഇന്ത്യയുടെ വിദേശനാണയ ശേഖരത്തിൽ ഡോളറിനെ കൂടാത, യൂറോ,യെൻ,പൗണ്ട് എന്നിവയുമുണ്ട്.
Discussion about this post