ന്യൂഡൽഹി : അയൽരാജ്യത്തിലേക്കുള്ള സന്ദർശനം ഇന്ത്യ- പാക് ബന്ധത്തെ കുറിച്ച് ചർച്ച ചെയ്യാനല്ല എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ബഹുരാഷട്ര പരിപാടിക്ക് പങ്കെടുക്കാൻ മാത്രമാണ് താൻ പോകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ ഐസി സെന്റർ ഫോർ ഗവേണൻസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു എസ് ജയശങ്കർ. ഈ മാസം 15, 16 തീയതികളിലാണ് എസ് സി ഒ യോഗം നടക്കുക.
ഞാൻ പാകിസ്താനിലേക്ക് പോവാൻ ഒരുങ്ങുകയാണ്. ഈ സന്ദർശനം ഒരു ബഹുരാഷ്ട്ര പരിപാടിക്ക് മാത്രമാണ്. ഇന്ത്യ – പാകിസ്താൻ ബന്ധത്തെ കുറിച്ച് ചർച്ച ചെയ്യാനല്ല താൻ അവിടെ പോകുന്നത്. എസ് സിഒയിൽ നല്ലൊരു അംഗമാകാനാണ് അവിടെ പോകുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ പങ്കെടുക്കാനായി സെപ്റ്റംബർ 30 ന് പാകിസ്താന്റെ ക്ഷണം ലഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് ക്ഷണം ലഭിച്ചിരുന്നത്. എന്നാൽ മോദിക്ക് പകരം വിദേശകാര്യമന്ത്രി എസ് ജയശങ്കറാകും പാകിസ്താനിലേക്ക് പോകുക. 10 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്താനിലേക്ക് പോകുന്നത്.
ചൈന, റഷ്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, തജക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് 2001-ൽ സ്ഥാപിതമായ ഒരു അന്തർ സർക്കാർ സ്ഥാപനമാണ് എസ്സിഒ. 2017 ൽ ഇത് ഇന്ത്യയെയും പാകിസ്താനെയും ഉൾപ്പെടുത്തി വികസിപ്പിച്ചു. 2023-ൽ ഇറാനെ ഒരു അംഗമായി ചേർക്കുകയും ചെയ്തു. മൊത്തം അംഗരാജ്യങ്ങളുടെ എണ്ണം ഒമ്പതായി. അംഗരാജ്യങ്ങൾക്കിടയിൽ സഹകരണവും സമാധാനവും വളർത്തുക എന്നതാണ് എസ്സിഒയുടെ ലക്ഷ്യം.








