ദുബായ് : എമിറേറ്റ്‌സ് എയര്‍ലൈന്‍ വിമാനങ്ങളില്‍ പേജറിനും വാക്കി ടോക്കിക്കും നിരോധനം. എല്ലാ സെക്ടറുകളിലെയും വിമാനങ്ങളില്‍ നിരോധനം ബാധകമാണ്. ഹാന്‍ഡ് ബാഗേജിലോ ലഗേജിലോ ഇവ കണ്ടെത്തിയാല്‍ പിടിച്ചെടുക്കും. ലബനനിലെ പേജര്‍, വാക്കിടോക്കി സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
സുരക്ഷയുടെ ഭാഗമായി ഈ മാസം 8 വരെ യുഎജയില്‍ നിന്ന് ലെബനനിലേക്ക് വിമാനസര്‍വീസ് ഇല്ല. കൂടാതെ ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ സെക്ടറുകളിലേക്കുള്ള സര്‍വീസുകളും റദ്ദാക്കിയിരുന്നു. ഈ രാജ്യങ്ങളിലേക്കുള്ള കണക്ഷന്‍ സര്‍വീസും എമിറേറ്റ്‌സ് നിര്‍ത്തിവച്ചിരുന്നു. ഫ്‌ലൈ ദുബായ് ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍ സര്‍വീസുകള്‍ വെള്ളിയാഴ്ചയും ഇത്തിഹാദ് എയര്‍വേയ്‌സ് അബുദാബി-ടെല്‍അവീവ് സര്‍വീസ് വ്യാഴാഴ്ചയും പുനരാരംഭിച്ചിരുന്നു.
1960കളില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി വികസിപ്പിച്ചെടുത്ത ചെറിയ വയര്‍ലെസ് കമ്യൂണിക്കേഷന്‍ ഉപകരണമാണ് പേജര്‍. പേജറിലൂടെ ഒരാള്‍ മറ്റൊരാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെന്ന് അറിയിക്കുന്നതിന് റേഡിയോ തരംഗങ്ങളിലൂടെ ഡിജിറ്റല്‍ സിഗ്‌നലുകള്‍ അയയ്ക്കുന്നു. ചെറിയ ടെക്സ്റ്റ് മെസേജുകളും ഈ ഉപകരണത്തിലൂടെ അയയ്ക്കാന്‍ കഴിയും.
പേജര്‍ താരതമ്യേന പഴയ സാങ്കേതികവിദ്യയാണ്. അതിനെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല. അതിനാല്‍, മൊബൈല്‍ അല്ലെങ്കില്‍ സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ സാധാരണയായി കാണുന്ന സൈബര്‍ ആക്രമണങ്ങളില്‍ നിന്നും ചാര, നിരീക്ഷണ ശ്രമങ്ങളില്‍ നിന്നും ഒരു പരിധി വരെ സുരക്ഷിതമാണ്. അതുകൊണ്ടാണ് ഇത് ഇപ്പോഴും സൈനിക, സുരക്ഷാ മേഖലകളില്‍ ഉപയോഗിക്കുന്നത്. അത് തന്നെയാണ് ഹിസ്ബുള്ള അംഗങ്ങള്‍ ഈ ഉപകരണങ്ങള്‍ കൈവശം വെച്ചതിന്റെയും പ്രധാന കാരണം.
Discussion about this post