അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ വൻലഹിരിമരുന്ന് വേട്ട. പത്ത് കോടിയുടെ കൊക്കെയിൻ പിടികൂടി. ഡൽഹിയിലെ 5000 കോടിയുടെ ലഹരിമരുന്ന് വേട്ടയെ കുറിച്ചുള്ള അന്വേഷണത്തിലാണ് അമൃത്സറിലും മയക്കുമരുന്ന് പിടികൂടിയത്.
ഡൽഹി മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ യുകെ സ്വദേശി ജിതേന്ദ്ര പാൽ സിംഗിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമൃത്സറിൽ പരിശോധന നടത്തിയത്. നേപ്പാൾ അതിർത്തിയോട് ചേർന്ന് അമൃത്സറിലെ ഗ്രാമത്തിൽ നടത്തിയ പരിശോധനയിൽ ഒരു ടൊയോട്ട ഫോർച്ച്യൂണർ കാറും പിടിച്ചെടുത്തു.
ദക്ഷിണ ഡൽഹിയിലെ മഹിപാൽപൂരിൽ നിന്നും 560 കിലോഗ്രാം കൊക്കൈയിനും 40 കിലോഗ്രാം ഹൈഡ്രോപോണിക് മരിജുവാനയുമാണ് പിടികൂടിയത്. അഞ്ച് പേരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയായ തുഷാർ ഗോയലിന് കോൺഗ്രസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
മധ്യപ്രദേശിലെ ഭോപ്പാലിലും വൻ തോതിൽ ലഹരിമരുന്ന് പിടിച്ചെടുത്തിരുന്നു. നാർക്കോട്ടിക് കൺേട്രാൾ ബ്യൂറോയും ഭീകരവാദ വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ 1800 കോടിയുടെ മയക്കുമരുന്ന് പിടികൂടി. മധ്യപ്രദേശിലെ ഭോപ്പാലിൽ ഒരു ഫാക്ടറിയിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഫാക്ടറിയിൽ ഉത്പാദിപ്പിച്ച മെഫഡ്രോൺ (എംഡി) മരുന്നുകളാണ് റെയ്ഡിൽ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.












