കൊൽക്കത്ത: ആർ ജി കാർ മെഡിക്കൽ കോളേജിൽ സുരക്ഷയുമായി ബന്ധപ്പെട്ട് നൽകിയ വാഗ്ദാനങ്ങൾ മമത സർക്കാർ പാലിക്കാത്തതിനെ തുടർന്ന് കൂട്ട രാജിയുമായി സീനിയർ ഡോക്ടർമാർ. ഡോക്ടറെ ക്രൂര മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിക്കുന്ന ജൂനിയർ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ് നടപടി.
സുരക്ഷിതത്വമുള്ള അന്തരീക്ഷത്തിൽ ജോലി ചെയ്യാനുള്ള അവകാശം ഡോക്ടർമാർക്കുണ്ട് . സർക്കാർ ആശുപത്രികളിൽ മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനുള്ള സംസ്ഥാന സർക്കാരിനാണ്. ഇതിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് മുതിർന്ന ഡോക്ടർമാർ വ്യക്തമാക്കി . അതിനാൽ രാജിവച്ച് ജൂനിയർ ഡോക്ടർമാർക്ക് പിന്തുണ നൽകുന്നുവെന്നും സീനിയർ ഡോക്ടർമാർ പറഞ്ഞു.
സഹപ്രവർത്തകയ്ക്ക് നീതി ലഭിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളിൽ ജൂനിയർ ഡോക്ടർമാർ ശനിയാഴ്‌ച മുതൽ സമരം പുനരാരംഭിച്ചിരുന്നു. തിങ്കളാഴ്ച മുതൽ സമരത്തിനുള്ള പിന്തുണയിൽ ഗണ്യമായ വർദ്ധനവാണുണ്ടായത്. മുതിർന്ന ഡോക്ടർമാരുൾപ്പെടെ സമരത്തിൽ പങ്കെടുത്തിരുന്നു.ഇതിന്റെ തുടർച്ചയായായണ് മുതിർന്ന ഡോക്ടർമാരുടെ കൂട്ടരാജി എന്നാണ് വിലയിരുത്തപ്പെടുന്നത്.
സംസ്ഥാനത്തെ എല്ലാ ആശുപത്രികൾക്കും മെഡിക്കൽ കോളേജുകൾക്കും കേന്ദ്രീകൃത റഫറൽ സംവിധാനം ഏർപ്പെടുത്തുക, നിരീക്ഷണ സംവിധാനം നടപ്പിലാക്കുക, സി.സി ടിവി, ഓൺ-കാൾ റൂമുകൾ, ടോയ്‌ലെറ്റുകൾ എന്നിവയ്ക്ക് ആവശ്യമായ വ്യവസ്ഥകൾ ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക. വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക എന്നിവയാണ് ഡോക്ടർമാരുടെ ആവശ്യം.
Discussion about this post