സ്റ്റോക്ഹോം : 2024ലെ രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം പ്രഖ്യാപിച്ചു. ഡേവിസ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ എം ജമ്പർ എന്നീ മൂന്ന് ശാസ്ത്രജ്ഞരാണ് രസതന്ത്ര നോബൽ പങ്കിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രോട്ടീനുകളുടെ ഘടന പ്രവചിക്കുന്നതുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ ആണ് പുരസ്കാര നേട്ടത്തിന് കാരണമായിരിക്കുന്നത്.
‘കമ്പ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈനിനായി’ പുരസ്കാരത്തിന്റെ പകുതി ഡേവിസ് ബേക്കറിന് നൽകപ്പെടുമെന്നാണ് നോബൽ അസംബ്ലി അറിയിച്ചിട്ടുള്ളത്. മറ്റേ പകുതി ഹസാബിസും ജമ്പറും പങ്കിടുകയും ചെയ്യും. ‘ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രോട്ടീൻ ഘടന പ്രവചനത്തിന് ‘ ആണ് പുരസ്കാരം എന്ന് നോബൽ അക്കാദമി അറിയിച്ചു.
ഈ വർഷം ഏറ്റവും അംഗീകരിക്കപ്പെട്ട കണ്ടുപിടിത്തങ്ങളിലൊന്നാണിതെന്ന് വിജയിയെ തീരുമാനിക്കുന്ന റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസിൻ്റെ സെക്രട്ടറി ജനറൽ ഹാൻസ് എലെഗ്രെൻ വ്യക്തമാക്കി. പുരസ്കാര ജേതാവായ ഡേവിസ് ബേക്കർ സിയാറ്റിലിലെ വാഷിംഗ്ടൺ സർവകലാശാലയിലെ ശാസ്ത്രജ്ഞനാണ്. ഡെമിസ് ഹസാബിസും ജോൺ എം ജമ്പറും ലണ്ടനിലെ ഗൂഗിൾ ഡീപ്മൈൻഡിൽ ഗവേഷകരായി പ്രവർത്തിച്ചുവരികയാണ്.
Discussion about this post