തൊടുപുഴ: ഗുരുതര കേസിൽ സസ്പെന്ഷൻ കഴിഞ്ഞ് തിരിച്ചു കയറിയ ദിവസം തന്നെ വീണ്ടും അഴിമതി കാണിച്ച് മെഡിക്കൽ ഓഫീസർ പിടിയിൽ. ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ആയ ഡോ എൽ മനോജിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. റിസോർട്ട് മാനേജരിൽ നിന്നു ഗൂഗിൾ-പേ വഴി കൈക്കൂലി വാങ്ങിയതിനെ തുടർന്നാണ് ഡോ. എൽ. മനോജും ഇടനിലക്കാരനായ മറ്റൊരു ഡോക്ടറുടെ ഡ്രൈവറും വിജിലൻസിന്റെ പിടിയിലായത്.
ഗുരുതര പരാതികളെ തുടർന്ന് തിങ്കളാഴ്ച ഡോ. മനോജിനെ ആരോഗ്യവകുപ്പ് സസ്‌പെന്റ് ചെയ്തിരുന്നു. സസ്‌പെൻഷനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ നിന്ന് ചൊവ്വാഴ്ച സ്റ്റേ ലഭിച്ചു. ഇതിനെ തുടർന്ന് ബുധനാഴ്ച ഓഫീസിലെത്തിയ ഡി.എം.ഒയെ അടുത്ത അഴിമതി കേസിൽ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.
സ്വകാര്യ വ്യക്തിയുടെ റിസോർട്ടിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി സെപ്തംബർ 27ന് ഡി.എം.ഒ ഇടുക്കി ജില്ലയിലെ മൂന്നാർ ചിത്തിരപുരത്തുള്ള കെട്ടിടം പരിശോധിച്ചിരുന്നു. ഇതേ തുടർന്ന് റിസോർട്ടിന്റെ രേഖകളുമായി ഒക്ടോബർ അഞ്ചിന് ഡി.എം.ഒ ഓഫീസിൽ വരാൻ നിർദ്ദേശിച്ചു. മാനേജർ ഓഫീസിലെത്തിയപ്പോൾ ഒരു ലക്ഷം രൂപ നൽകിയാൽ മാത്രമേ സർട്ടിഫിക്കറ്റ് നൽകാനാവൂ എന്ന് ഓഫീസർ വ്യക്തമാക്കി.
എന്നാൽ ഇത് പിന്നീട് 75000 രൂപയായി കുറക്കുകയും ഏജന്റായി പ്രവർത്തിക്കുന്ന ഡ്രൈവർ രാഹുൽ രാജിന്റെ ഫോൺ നമ്പർ നൽകിയ ശേഷം അതിലേക്ക് കൈക്കൂലി തുക ഗൂഗിൾ പേ ചെയ്യാനും ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ വിവരം ഇടുക്കി വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി ഷാജു ജോസിനെ അറിയിക്കുകയായിരുന്നു.
Discussion about this post