കൊൽക്കത്ത: സമരം നടത്തുന്ന ജൂനിയർ ഡോക്ടർമാരും ബംഗാൾ സർക്കാരും തമ്മിൽ രാത്രി വൈകി നടത്തിയ ചർച്ച പരാജയപ്പെട്ടു.ഇതോടു കൂടി ജൂനിയർ ഡോക്ടർമാരുടെ സമരത്തിന് സർക്കാർ നിയന്ത്രണത്തിലുള്ള വിവിധ മെഡിക്കൽ സ്ഥാപനങ്ങളിലെ കൂടുതൽ മുതിർന്ന ഡോക്ടർമാർ പിന്തുണ പ്രഖ്യാപിച്ചു . സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുതിർന്ന ഡോക്ടർമാർ കൂട്ട രാജി സമർപ്പിച്ചതോടെ പശ്ചിമ ബംഗാളിൽ ഡോക്ടർമാരുടെ സമരം മറ്റൊരു തലത്തിലേക്ക് കടന്നു.
ബുധനാഴ്ച വൈകുന്നേരമാണ് , സംസ്ഥാന ചീഫ് സെക്രട്ടറി മനോജ് പന്ത് ജൂനിയർ ഡോക്ടർമാരുടെ ഒരു പ്രതിനിധി സംഘത്തെ സംസ്ഥാന ടാസ്‌ക് ഫോഴ്‌സുമായുള്ള ചർച്ചകൾക്കായി സ്വാസ്ഥ്യ ഭവനിലേക്ക് ക്ഷണിച്ചത്. എന്നാൽ വൈകിട്ട് 7.45ന് തുടങ്ങേണ്ടിയിരുന്ന യോഗം 9.45ഓടെയാണ് ആരംഭിച്ചത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 29 ജൂനിയർ ഡോക്ടർമാരുടെ ഒരു പ്രതിനിധി സംഘമാണ് പങ്കെടുത്തത്.
കൂടാതെ സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി), അടുത്തിടെ രൂപീകരിച്ച സംസ്ഥാനതല പരാതി പരിഹാര സമിതി അംഗങ്ങൾ എന്നിവരും പങ്കെടുത്തു. സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരും സംസ്ഥാന സർക്കാരും ഒരു സമവായത്തിൽ എത്തിച്ചേരുന്നതിൽ യോഗം പരാജയപ്പെടുകയാണുണ്ടായത്.
“ചില വാക്കാലുള്ള ഉറപ്പുകൾ ഒഴികെ ഈ മീറ്റിംഗിൽ നിന്ന് ഞങ്ങൾക്ക് ഒന്നും ലഭിച്ചില്ല. ചില നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിച്ചു അല്ലെങ്കിൽ ഞങ്ങളുടെ ആവശ്യങ്ങൾ എപ്പോൾ നിറവേറ്റുമെന്ന് ഞങ്ങൾക്ക് ഒരു സമയപരിധിയെങ്കിലും നൽകാൻ ഞങ്ങൾ പറഞ്ഞു. എന്നാൽ ഞങ്ങളുടെ ഈ ആവശ്യങ്ങൾ അവർ നിരസിക്കുകയാണ് ചെയ്തത് .
ഞങ്ങൾ നിരാഹാര സമരം പിൻവലിക്കണമെന്നു മാത്രമാണ് സർക്കാർ ആവശ്യപ്പെട്ടത്. ഞങ്ങളുടെ സഹപ്രവർത്തകർ ഇപ്പോൾ 100 മണിക്കൂറോളം നിരാഹാര സമരത്തിലാണ്. എന്നാൽ, പൂജയ്ക്കുശേഷം മാത്രമേ വിലയിരുത്തൽ നടത്തുകയുള്ളൂ എന്നാണ് സർക്കാർ അറിയിച്ചത് . ഞങ്ങൾ തീർത്തും നിരാശരാണ്,” ജൂനിയർ ഡോക്ടർമാരിൽ ഒരാളായ ദേബാസിഷ് ഹാൽദർ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Discussion about this post