റഷ്യയിലെ സൈബീരിയയില്‍ മഞ്ഞില്‍ പൊടുന്നനെ ഉണ്ടാകുന്ന ഗര്‍ത്തങ്ങളുടെ രഹസ്യം തേടി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. വളരെ പെട്ടെന്ന് ഉറഞ്ഞു കിടക്കുന്ന മഞ്ഞില്‍ ഒരു സ്‌ഫോടനം നടക്കുകയും അവിടെ ഒരു ഗര്‍ത്തം രൂപപ്പെടുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പ്രതിഭാസമല്ല എന്ന കാര്യവും ശ്രദ്ധേയമാണ്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ വളരെ ആകാംക്ഷാപൂര്‍വ്വമായ കാര്യങ്ങളാണ് ഗവേഷകര്‍ക്ക് മുന്നില്‍ തെളിഞ്ഞത്. ഐസിനുള്ളില്‍ മര്‍ദ്ദം കൂടി ജലം നിറയുമ്പോഴാണ് ഇതു സംഭവിക്കുന്നതെന്നാണ് നിഗമനം തുടര്‍ന്ന് ഒരു സ്‌ഫോടനം പോലെ ജലം ഐസില്‍ നിന്നു പുറത്തേക്കു തെറിക്കുകയും ഗര്‍ത്തം രൂപപ്പെടുകയും ചെയ്യും.
ഇത്തരത്തിലുണ്ടാകുന്ന കുഴികള്‍ക്ക് 160 അടി വരെ ആഴവും 230 അടി വരെ വീതിയുമുണ്ടാകും. ഇത്തരം ഗര്‍ത്തങ്ങള്‍ റഷ്യയുടെ വടക്കന്‍ യമാല്‍, ഗൈഡന്‍ പെനിന്‍സുലകളിലാണ് ഉണ്ടായത്. ആര്‍ട്ടിക്കില്‍ മറ്റെവിടെയും ഇവയുണ്ടായതായി അറിയില്ല. എന്നാല്‍ എന്തു കൊണ്ട് ഇവ സൈബീരിയന്‍ മേഖലയില്‍ മാത്രമുണ്ടാകുന്നു എന്ന ചോദ്യമാണ് ഗവേഷകരെ കുഴക്കുന്നത്. ഇത്തരം ഗര്‍ത്തങ്ങളുണ്ടാകുമ്പോള്‍ ഹരിതഗൃഹവാതകമായ മീഥെയ്ന്‍ പുറത്തേക്കു തെറിക്കുന്നുമുണ്ട്. അതിനാല്‍ തന്നെ ഇവയ്ക്ക് പാരിസ്ഥിതിപരമായ പ്രാധാന്യവുമുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം.
ഈ രീതിയിലല്ലാതെ രൂപപ്പെട്ട പല പ്രശസ്ത ഗര്‍ത്തങ്ങളും ഉള്‍ക്കൊള്ളുന്ന സ്ഥലമാണ് സൈബീരിയ ഇതിലൊന്നാണ് ടൈമീര്‍ മേഖലയിലുള്ള പോപിഗായ് ഗര്‍ത്തം. ഏകദേശം മൂന്നരക്കോടി വര്‍ഷം മുമ്പാണ് ഇത് രൂപപ്പെടുന്നത്. സൈബീരിയയുടെ വടക്കന്‍ ഭാഗത്തുള്ള ടൈമീര്‍ മേഖലയില്‍ ഛിന്നഗ്രഹം പതിച്ചു. അത് തീര്‍ത്ത വലിയ ആഘാതത്തിലുണ്ടായ ഈ പതനത്തില്‍ ധാരാളം ഘനയടി അളവില്‍ പാറകള്‍ ഉരുകിപ്പോയി. ദശലക്ഷക്കണക്കിന് ടണ്‍ അവശിഷ്ടങ്ങള്‍ ബഹിരാകാശത്തേക്ക് ഉയര്‍ന്നു. ഇ അവശിഷ്ടങ്ങള്‍ മറ്റു ഭൂഖണ്ഡങ്ങളില്‍ വരെ വന്നു പതിച്ചു. ഈ ആഘാതത്തില്‍ ഉടലെടുത്ത കുഴി അറിയപ്പെടുന്നത് പോപിഗായ് ക്രേറ്റര്‍ എന്ന പേരിലാണ്. നൂറു കിലോമീറ്ററിലധികം വ്യാസമുള്ളതാണ് ഈ ഗര്‍ത്തം.
Discussion about this post