ന്യൂഡൽഹി: ഹരിയാനയിൽ തിരഞ്ഞെടുപ്പ് തോറ്റത് കോൺഗ്രസ് നേതാക്കന്മാരുടെ സ്വാർത്ഥതയും തമ്മിലടിയും കാരണമെന്ന രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ വിളിച്ചു കൂട്ടിയ യോഗത്തിലാണ് രാഹുൽ ഗാന്ധി ഹരിയാനയിലെ കോൺഗ്രസ് നേതാക്കന്മാർക്കെതിരെ തിരിഞ്ഞത്. എന്നാൽ ഇതേ വേദിയിൽ വച്ച് തന്നെ ഇലക്ട്രോണിക് വോട്ടിങ് മെഷീനും (ഇ.വി.എം) തിരഞ്ഞെടുപ്പ് കമ്മിഷനുമാണ് പരാജയത്തിന്റെ കാരണം പറയേണ്ടതെന്നുമുള്ള വിചിത്ര വാദവും രാഹുൽ ഗാന്ധി നടത്തി.
ഹരിയാനയിൽ ഉറപ്പായിരുന്ന കോൺഗ്രസ് വിജയത്തെ തട്ടിക്കളഞ്ഞത് പരസ്പരം പോരടിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. പരസ്പരം പോരടിക്കുന്നതിലാണ് അവര്‍ ശ്രദ്ധിച്ചതെന്നും പാര്‍ട്ടിയെക്കുറിച്ച് ആരും ചിന്തിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതേ തുടർന്ന് രാഹുല്‍ യോഗത്തില്‍ നിന്നും രാഹുൽ ഗാന്ധി ഇറങ്ങി പ്പോയെന്നാണ് റിപ്പോർട്ട്.
എന്നാൽ കോൺഗ്രസിന്റെ പരാജയത്തിന് കാരണം കോൺഗ്രസ് നേതാക്കളാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്,ഇലക്ട്രോണിക് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. പരാജയത്തിന് കാരണം കോൺഗ്രസ് നേതാക്കളുടെ തമ്മിലടിയാണെങ്കിൽ പിന്നെ ഇ വി എമ്മുകൾ എന്ത് പിഴച്ചു എന്നാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഉയരുന്ന പരിഹാസം. ഇനി ഇ വി എം കോൺഗ്രസ് നേതാക്കളെ തമ്മിലടിപ്പിച്ചു എന്നാണോ രാഹുൽ ഗാന്ധി ഉദ്ദേശിക്കുന്നതെന്ന് വരെ കമന്റുകളായി വരുന്നുണ്ട്. എന്തായാലും രാഹുൽ ഗാന്ധിയുടേത് വിചിത്ര വാദമാണെന്ന വിലയിരുത്തലിലാണ് സോഷ്യൽ മീഡിയ.
Discussion about this post