എല്ലാ മൊബൈൽ ഫോണുകളും ഇനി ‘മെയ്ഡ് ഇൻ ഇന്ത്യ’: പണി പാലും വെള്ളത്തിൽ കിട്ടുന്നത് ചൈനയ്ക്ക്

Published by
Brave India Desk

ന്യൂഡൽഹി; ഇന്ത്യയിൽ വിറ്റഴിയുന്ന ഫോണുകൾ മുഴുവനും ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീക്കാനൊരുങ്ങി രാജ്യം. 100 ശതമാനം ഫോണുകളും മെയ്ഡ് ഇൻ ഇന്ത്യയാക്കാനാണ് രാജ്യത്തിന്റെ നീക്കം. ഐഫോൺ 16 പ്രോ മോഡലുകളും ഗൂഗിൾ പിക്‌സൽ 8 ഫോണുകളും ഇന്ത്യയിൽ നിർമ്മിക്കാൻ ആരംഭിച്ചതോടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിച്ചത്.

ഇന്ത്യയുടെ ഫോൺ വിപണിക്കാവശ്യമായ മൊബൈൽ ഫോണുകളെല്ലാം രാജ്യത്ത് നിർമ്മിക്കുന്ന സാഹചര്യം തൊട്ടരികെയാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ ഉത്പാദനം ഇപ്പോൾതന്നെ മൊബൈൽ ഫോൺ ഇറക്കുമതി ഗണ്യമായി കുറച്ചിട്ടുണ്ടെന്നാണ് വിവരം,

ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൊബൈൽ കമ്പനിയായ സാംസങ് അവരുടെ എല്ലാ മോഡലുകളും ഇന്ത്യയിൽ ഇതിനകം നിർമ്മിക്കുന്നുണ്ട്. എസ് 24,ഫ്‌ളിപ് ഫോണുകളടക്കമാണിത്. ചൈനീസ് കമ്പനികളായ ഓപ്പോ,വിവോ ഷവോമി റിയമീ എന്നിവയും ലാവയും മൈക്രോമാക്‌സും നിലവിൽ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്.

രാജ്യത്ത് 2023-24 സാമ്പത്തിക വർഷത്തിൽ വിറ്റഴിഞ്ഞ മൊബൈൽ ഫോണുകളിൽ മൂന്ന് ശതമാനം മാത്രമാണ് ഇറക്കുമതി ചെയ്തത്. ഐഫോൺ പ്രോ മോഡലുകളും ഗൂഗിൾ പിക്‌സൽ ഫോണുകളുമാണ് ഇറക്കുമതി ചെയ്തതിൽ ഏറെയും. ഇവയും പ്രാദേശിക നിർമ്മാണത്തിലേക്ക് ചുവടുവച്ചതോടെ ഇന്ത്യയിൽ വിറ്റഴിയുന്ന എല്ലാ ഫോണുകളും അവിടെ തന്നെ നിർമ്മിക്കുന്നവയായി മാറും.ഇത് ഇന്ത്യൻ സാമ്പത്തിക രംഗത്ത് വലിയ കുതിച്ചുചാട്ടത്തിനാണ് വഴിയൊരുക്കുക.

നേരത്തെ ഐഫോൺ 17 ചെെനയെ ഒഴിവാക്കി പൂർണമായും ഇന്ത്യയിൽ നിർമ്മിക്കുമെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു,ചൈനയെ പൂര്‍ണമായും വിട്ട് നിര്‍മാണം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്.ഇന്ത്യയിലെ മികച്ച വില്‍പ്പന ആപ്പിളിന് വലിയ ആശ്വാസം നല്‍കുന്നതാണ്. അതുകൊണ്ട് തന്നെ നിരവധി ഓഫറുകളും ഇന്ത്യയില്‍ ഐഫോണുകള്‍ക്ക് ഇടയ്ക്കിടെ നല്‍കാറുണ്ട്.

ഐഫോണിന്റെ ഏറ്റവും ജനപ്രിയ മോഡലാണ് പ്രൊ മോഡലുകള്‍. ചൈനയിലാണ് ഇവ നിര്‍മിച്ച് കൊണ്ടിരുന്നത്. ദക്ഷിണേഷ്യന്‍ മേഖലയിലെ വലിയ ഹബ്ബ് എന്ന രീതിയിലാണ് ചൈനയെ ആപ്പിള്‍ കണ്ടിരുന്നത്. എന്നാല്‍ ചൈനീസ് സര്‍ക്കാരിന്റെ ആപ്പിള്‍ വിരുദ്ധ നിലപാടും, ഡിമാന്‍ഡ് കുറഞ്ഞതുമെല്ലാം ഇന്ത്യയിലേക്ക് ചുവടുമാറ്റാന്‍ കമ്പനിയെ നിർബന്ധിതരാക്കി.

 

 

 

Share
Leave a Comment

Recent News