ഷിംല : തുടർച്ചയായുള്ള മേഘ വിസ്ഫോടനങ്ങളും ശക്തമായ മഴയും കനത്ത ദുരിതം വിതച്ച ഹിമാചൽ പ്രദേശിന് ആശ്വാസമായി ഇന്ത്യൻ സൈന്യം. റോഡുകൾ , ആശയവിനിമയ സംവിധാനങ്ങൾ എന്നിവ തടസ്സപ്പെടുകയും, ജനവാസ മേഖലകൾ തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തതോടെ ഒറ്റപ്പെട്ടുപോയ നൂറുകണക്കിന് കുടുംബങ്ങൾക്ക് സൈന്യത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വലിയ രീതിയിൽ സഹായകരമായി മാറി. ദുരന്തബാധിത പ്രദേശങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈനിക ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
ഇന്ത്യൻ കരസേന, സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), ദേശീയ ദുരന്ത നിവാരണ സേന (NDRF) എന്നിവ ഹിമാചൽപ്രദേശിലെ ദുരന്തബാധിത മേഖലകളിൽ 24 മണിക്കൂറും പ്രവർത്തിച്ചുവരികയാണ്. ഭക്ഷണകിട്ടികൾ വിതരണം ചെയ്യുന്നത് മുതൽ വൈദ്യസഹായം നൽകുന്ന വരെയുള്ള പ്രവർത്തനങ്ങൾ സൈന്യം കാഴ്ചവയ്ക്കുന്നു. മഴ ദുരന്തം വിതച്ച മേഖലകളിൽ താൽക്കാലിക ക്യാമ്പുകൾ സ്ഥാപിച്ച് സൈനിക ഡോക്ടർമാർ അവശ്യ വൈദ്യസഹായം ഉറപ്പുവരുത്തുന്നുണ്ട്.
ഇതോടൊപ്പം മൊബൈൽ സിഗ്നലുകൾ ദുർബലമായതോ ലഭ്യമല്ലാത്തതോ ആയ പ്രദേശങ്ങളിൽ തുടർച്ചയായ പ്രവർത്തന കണക്റ്റിവിറ്റി ഉറപ്പാക്കാൻ, ഐസാറ്റ് ഫോണുകൾ വഴിയും മറ്റ് നൂതന സംവിധാനങ്ങൾ വഴിയും ഉപഗ്രഹ ആശയവിനിമയം വിന്യസിച്ചിട്ടുണ്ട്. ഏറ്റവും ആവശ്യമുള്ള സ്ഥലങ്ങളിൽ അടിയന്തര സഹായം എത്തിക്കുന്നതിന് സൈനികർ സിവിൽ ഭരണകൂടവുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മേഖലയിൽ തുടരുകയാണ്.
Discussion about this post