മുംബൈ: മുംബൈയിലെ സെല്‍ഫി നിരോധിത മേഖലകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചാല്‍ 1200 രൂപ പിഴ. ‘നോ സെല്‍ഫി’ മുന്നറിയിപ്പ് സ്ഥാപിച്ച മേഖലകളില്‍ സെല്‍ഫി എടുക്കുന്നവരില്‍ നിന്നാണ് ബോംബെ പൊലീസ് ആക്റ്റ് പ്രകാരം 1200 രൂപ പിഴ ഈടാക്കുക..
ജനനന്മയ്ക്കു വേണ്ടിയാണ് പിഴ ഏര്‍പ്പെടുത്തുന്നതെന്ന് എസിപി സഞ്ജയ് കദം പറഞ്ഞു. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ പൊലീസ് പട്രോളിങ് കൂട്ടിയിട്ടുണ്ട്. അപകടകരമായ നീക്കങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസ് പിടികൂടും.
അപകടകരമായ സെല്‍ഫി മരണം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ 15 കേന്ദ്രങ്ങള്‍ സെല്‍ഫി നിരോധിത മേഖലകളായി പൊലീസ് പ്രഖ്യാപിച്ചിരുന്നു. മുംബൈ പൊലീസിന്റെ അഭ്യര്‍ഥന പ്രകാരം ബിഎംസി, അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ നോ സെല്‍ഫി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നാസിക്കിലെ വാല്‍ദേവി അണക്കെട്ടില്‍ ഉല്ലാസ യാത്രയ്ക്ക് എത്തിയ കോളജ് വിദ്യാര്‍ഥികളുടെ സംഘത്തില്‍ രണ്ടുപേര്‍ സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടയില്‍ അണക്കെട്ടില്‍ വീണു മരിച്ചിരുന്നു.
ബാന്ദ്രയില്‍ കഴിഞ്ഞ മാസം സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടയില്‍ കോളജ് വിദ്യാര്‍ഥിനിയെ കടലില്‍ കാണാതായിരുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച പരിസരവാസിയായ യുവാവും മുങ്ങി മരിച്ചു. ഇതേത്തുടര്‍ന്നായിരുന്നു സെല്‍ഫി നിരോധനം ഏര്‍പ്പെടുത്തിയത്.
Discussion about this post