തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ മാസപ്പടി വാങ്ങിയെന്ന കേസിൽ നിർണായക നടപടിയുമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം. കേസുമായി ബന്ധപ്പെട്ട് വീണ വിജയനിൽ നിന്നും എസ്എഫ്ഐഒ മൊഴിയെടുത്തു. ചെന്നൈയിലെ എസ്എഫ്ഐഒ ഓഫീസിൽ എത്തിയാണ് വീണ വിജയൻ മൊഴി നൽകിയത്.
കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും വൻ തുകയായിരുന്നു വീണ വിജയന്റെ അക്കൗണ്ടിലേക്ക് നൽകിയിരുന്നത്. ചെയ്യാത്ത സേവനങ്ങളുടെ പേരിലാണ് വീണ വിജയന്റെ എക്‌സാലോജിക്ക് എന്ന കമ്പനിയിലേക്ക് സിഎംആർഎൽ പണം നൽകിയിരുന്നത്. ഇതേതുടർന്നാണ് മാസപ്പടി വിവാദം ഉയർന്നുവന്നത്. കേസിൽ ഇതുവരെയായി വീണ വിജയനിൽ നിന്നും രണ്ട് തവണ മൊഴിയെടുത്തതായാണ് സൂചന.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വീണ വിജയൻ ചെന്നൈയിലെ എസ്എഫ്ഐഒ ഓഫീസിൽ എത്തി അന്വേഷണ ഉദ്യോഗസ്ഥനായ അരുൺ പ്രസാദിന് മുൻപിൽ മൊഴി നൽകിയത്. ഭർത്താവായ മന്ത്രി മുഹമ്മദ് റിയാസിനൊപ്പം ആണ് വീണ മൊഴി നൽകാനായി എത്തിയിരുന്നത്. നേരത്തെ ഇമെയിൽ മുഖാന്തരവും രേഖകളുമായി നൽകിയ വിവരങ്ങൾ തന്നെയാണ് പുതിയ മൊഴിയിലും വീണ വിജയൻ ആവർത്തിച്ചത്. ഐടി വിദഗ്ധ എന്ന നിലയിൽ നൽകിയ സേവനങ്ങൾക്കാണ് സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയത് എന്നാണ് വീണയുടെ മൊഴി.
Discussion about this post