കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ ഇത് അഭിമുഖീകരിക്കാത്ത പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. പ്രമുഖതാരങ്ങൾക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങൾ വരികയും പലരും അറസ്റ്റിലാവുകയും ചെയ്തു. മുൻകൂർ ജാമ്യത്തിന്റെ തണലിലാണ് പലരും ജയിലിലാകാതെ രക്ഷപ്പെട്ടത്. നിരവധി പേർ കാസ്റ്റിംഗ് കൗച്ചുകളെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു. മലയാളസിനിമയിൽ മാത്രം തുറന്നുപറച്ചിലുകൾ ഒതുങ്ങിനിൽക്കാതെ മറ്റ് ഭാഷകളിലും വെളിപ്പെടുത്തലുകൾ ഉണ്ടായി. ആരാധകരുടെ പല വിഗ്രഹങ്ങളും വീണുടഞ്ഞു.
ഇപ്പോഴിതാ തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് തമിഴ്‌സിനിമാലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് നടി ശ്രീനിതി. ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്. തന്റെ അമ്മയോട് പോലും മോശമായി പെരുമാറിയെന്നായിരുന്നു ശ്രീനിതിയുടെ വെളിപ്പെടുത്തൽ.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ. താൻ പ്ലസ് വണ്ണിന് പഠിക്കുമ്പോൾ ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. വലിയൊരു താരം അഭിനയിക്കുന്ന ചിത്രമായിരുന്നു അത്. അതിനാൽ ആ സിനിമയിൽ അഭിനയിക്കുക എന്നത് വലിയ അവസരമായിരിക്കും എന്ന് കരുതി. ഓഡിഷന് വിളിച്ചു. അപ്പോൾ നിർമ്മാതാവിനേയും സംവിധായകനേയും പ്രതിനിധീകരിക്കുന്ന വ്യക്തി തന്നോട് കുറച്ച് അഡ്ജസ്റ്റ്‌മെന്റൊക്കെ ചെയ്യേണ്ടതായി വരുമെന്ന് പറഞ്ഞു. അപ്പോൾ തനിക്ക് ആ വാക്കിന്റെ അർത്ഥം മനസിലായില്ല. അതിനാൽ താൻ അഡ്ജസ്റ്റ് ചെയ്യാൻ റെഡിയാണ്. തരുന്ന ഏത് റോളും ചെയ്യാൻ തയ്യാറാണ്. ഭക്ഷണത്തിന്റേയും യാത്രയുടേയും കാര്യത്തിൽ വാശിപിടിക്കില്ലെന്നും പറഞ്ഞുവെന്നും താരം മറുപടി നൽകി. പക്ഷെ താനുദ്ദേശിച്ച അഡ്ജസ്റ്റ്‌മെന്റ് എന്നത് ലൈംഗിക ബന്ധത്തിന് തയ്യാറാവുക എന്നതാണെന്ന് അയാൾ തുറന്നുപറഞ്ഞു. അത് കേട്ട് താൻ ഞെട്ടിപ്പോയെന്നാണ് ശ്രീനിതി പറയുന്നത്.
ഈ സമയം തനിക്കൊപ്പമുണ്ടായിരുന്ന അമ്മ അയാളോട് ദേഷ്യപ്പെട്ടു. തങ്ങൾ അത്തരത്തിൽ ഉള്ള കുടുംബത്തിൽ നിന്നും വരുന്നവർ അല്ലെന്ന് അമ്മ അയാളോട് പറഞ്ഞുവെന്നാണ് ശ്രീനിതി പറയുന്നത്. പക്ഷേ അയാൾ അതിലൊന്നും കുലുങ്ങിയില്ല ശ്രീനിതിയെ വേണം, ഇല്ലെങ്കിൽ അമ്മയായാലും മതി എന്നാണ് അയാൾ പറഞ്ഞത് എന്നും താരം വെളിപ്പെടുത്തുന്നു. അതോടെ ആ അവസരം വേണ്ടെന്ന് വച്ചു. ഇത്തരം അനുഭവങ്ങൾ മൂലം താൻ ഇത്തരക്കാരെ നേരിടുന്നതിൽ കൂടുതൽ ജാഗ്രത പുലർത്താൻ ആരംഭിച്ചെന്നും ശ്രീനിതി പറഞ്ഞു. അതേസമയം ശ്രീനിതി ആർക്കെതിരെയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് വ്യക്തമല്ല. പല പ്രമുഖരുടെയും പേരുകളാണ് ആരാധകർ ചേർത്ത് വായിക്കുന്നത്.
Discussion about this post