കോഴിക്കോട് : കോഴിക്കോട് ട്രെയിനിൽ നിന്നും തമിഴ്നാട് സ്വദേശിയായ യുവാവ് വീണുമരിച്ച സംഭവം കൊലപാതകം. കൃത്യം ചെയ്ത പ്രതിയെ പോലീസ് പിടികൂടി. റെയിൽവേയുടെ കരാർ ജീവനക്കാരനാണ് അറസ്റ്റിൽ ആയിരിക്കുന്നത്. തർക്കത്തിനിടയിൽ പിടിച്ചു തള്ളിയതാണ് തമിഴ്നാട് സ്വദേശിയായ യുവാവ് ട്രെയിനിൽ നിന്നും വീഴാൻ കാരണമായത് എന്നാണ് പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
ചെന്നൈ സ്വദേശിയായ ശരവണൻ ആണ് കോഴിക്കോട് വെച്ച് ട്രെയിനിൽ നിന്നും വീണു മരിച്ചിരുന്നത്. ജനറൽ ടിക്കറ്റെടുത്ത് എസി കോച്ചിൽ കയറിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൃത്യം നടത്തിയ കണ്ണൂർ സ്വദേശി അനിൽകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ആയിരുന്നു മംഗളൂരു കൊച്ചുവേളി സ്പെഷ്യൽ ട്രെയിനിലെ ശരവണൻ മരിച്ചത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ നീങ്ങി തുടങ്ങിയ ഉടൻ തന്നെയായിരുന്നു അപകടം ഉണ്ടായത്. അപകടം കണ്ട യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയാണ് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിയ ശരവണനെ പുറത്തെടുത്തത്. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ശരവണനെ ആരോ ട്രെയിനിൽ നിന്നും തള്ളിയിടുന്നതായി കണ്ടെന്ന് പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന യാത്രക്കാരി പോലീസിന് മൊഴി നൽകിയതാണ് അന്വേഷണത്തിൽ നിർണായകമായത്. തുടർന്ന് ട്രെയിനിന്റെ കമ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്ന കരാർ ജീവനക്കാരനായ അനിൽകുമാറിനെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം വെളിപ്പെടുത്തിയത്. ശരവണൻ മദ്യപിച്ചിരുന്നതായും ജനറൽ ടിക്കറ്റുമായി എസി കമ്പാർട്ട്മെന്റിൽ കയറിയ ശരവണനോട് ഇറങ്ങാൻ പറഞ്ഞപ്പോൾ തർക്കം ഉണ്ടാവുകയും ചെയ്തതായി പ്രതി വെളിപ്പെടുത്തി. ഈ തർക്കത്തിനിടെ അനിൽകുമാർ ശരവണനെ പിടിച്ചു തള്ളിയതോടെ ട്രെയിനിൽ നിന്നും പുറത്തേക്ക് വീഴുകയായിരുന്നു. 20 വർഷമായി റെയിൽവേയിൽ കരാർ ജീവനക്കാരനായി ജോലി ചെയ്യുന്ന വ്യക്തിയാണ് അനിൽകുമാർ.
Discussion about this post