ഓട്ടോവോ: ഖാലിസ്ഥാൻ ഭീകരൻ നിജ്ജാർ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ ഗുരുതര ആരോപണവുമായി കാനഡ. ഇന്ത്യ അന്വേഷണവുമായി സഹകരിക്കണമെന്നും തെളിവുകൾ കൈമാറിയിട്ടുണ്ടെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.
ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിൻറെ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമീഷണർ അടക്കമുള്ള 6 ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നതിന് തെളിവുകളുണ്ടെന്നാണ് ജസ്റ്റിൻ ട്രൂഡോ ആരോപിച്ചത്. ഈ തെളിവുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയുമായി പങ്കുവെച്ചെന്നും ഇന്ത്യ ഇക്കാര്യം നിഷേധിക്കുകയായിരുന്നുവെന്നും ട്രൂഡോ ആരോപിക്കുന്നു.
നയതന്ത്രബന്ധം വഷളായതിന് പിന്നാലെ ഇന്ത്യക്കെതിരെ ഉപരോധനീക്കം കാനഡയുടെ മനസിലുണ്ടെന്നാണ് വിവരം. ഇന്ത്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് കാനഡ വ്യക്തമാക്കി. നിജ്ജാർ വധക്കേസിൽ തൽക്കാലം ഇന്ത്യയുടെ സഹകരണം തേടും. അമേരിക്കയും യു.കെയും അടക്കമുള്ള സഖ്യകക്ഷികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും കനേഡിയൻ അധികൃതർ വ്യക്തമാക്കി.
കാനഡയിലെയും ഇന്ത്യയിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം, ബിസിനസ്, വ്യാപാരം എന്നിവക്ക് നീണ്ട ചരിത്രമുണ്ട്. എന്നാൽ, ഇപ്പോഴുള്ള കാര്യങ്ങൾ നമുക്ക് അംഗീകരിക്കാനാവില്ല. കാനഡ ഇന്ത്യയുടെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും പൂർണമായി മാനിക്കുന്നു. കാനഡക്കായി ഇന്ത്യൻ ഭരണകൂടവും ഇത് ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി എന്ന നിലയിൽ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തതായി തോന്നുന്നവർക്ക് അത് ഉറപ്പ് നൽകേണ്ടത് തൻറെ ഉത്തരവാദിത്തമാണെന്ന് ട്രൂഡോ വ്യക്തമാക്കി.
Discussion about this post