റൂര്‍ക്കേല: ഒഡിഷയില്‍ നാലു സിമി പ്രവര്‍ത്തകരെ പിടികൂടി.പിടിയിലാവര്‍ മധ്യ പ്രദേശിലെ ഖന്ത്വ പ്രദേശത്തുള്ളവരാണ്. ഇവര്‍ക്കെതിരെ മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ആന്ധ്രയിലും കേസുകള്‍ നിലവിലുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന ചില തീവ്രവാദ പ്രവര്‍ത്തനങ്ങളിലും ഇവര്‍ക്ക് പങ്കുണ്ട്. ഒഡിഷയിലെ സുന്ദര്ഗറിലെ ഒരു ബാങ്കില്‍ കൊള്ളനടത്തിയ കേസിലും ഇവര്‍ പ്രതികളാണ്. അഞ്ചു തോക്കുകളും നിരവധി വെടിയുണ്ടകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
ഇന്റലിജന്‍സ് ബ്യൂറോയും(ഐ.ബി) തെലങ്കാന പൊലീസും ഒഡീഷ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തില്‍ ഇന്നു രാവിലെ റൂര്‍ക്കേലയിലെ ഒരു വീട്ടില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഒരു പ്രായമായ സ്ത്രീയെയും ഇവര്‍ക്കൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്. അര്‍ദ്ധരാത്രിയോടെയാണ് ഒഡിഷ സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പും ഐ.ബി ഉദ്യോഗസ്ഥരും തെലങ്കാന പൊലീസും മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന നീക്കം ആരംഭിച്ചത്. റൂര്‍ക്കേലയിലെ പ്ലാന്റ് സൈറ്റ് പൊലീസ് സ്റ്റേഷന് സമീപത്തുള്ള മാലാ റോഡിലാണ് നീക്കം നടത്തിയതെന്ന് സ്റ്റേറ്റ് ഇന്റലിജന്‍സ് ഡി.ജി അരുണ്‍ സാരംഗി പറഞ്ഞു.
പൊലീസിന് നേരെ ഇവര്‍ വെടിയുതിര്‍ത്തു. തിരിച്ച് ശക്തമായ പ്രതികരണം പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായി. മുഹമ്മദ് ഖാലിദ്, അംജദ് ഖാന്, സാക്കീര്‍ ഹുസൈന്, എസ്.കെ മഹബൂബ് എന്നിവരാണ് പിടിയിലായവര്‍. ഇവരില്‍ ഒരാളുടെ അമ്മയാണ് അറസ്റ്റ് ചെയ്ത മുതിര്‍ന്ന സ്ത്രീയെന്നു സംശയിക്കുന്നതായും ഒഡിഷ ഡി.ജി.പി കന്‍വര്‍ ബ്രജേഷ് സിംഗ് പറഞ്ഞു.രാജ്യത്തെ പല തീവ്രവാദികള്‍ക്കും സുരക്ഷിതമായി തങ്ങാവുന്ന നിരവധി സുരക്ഷിത താവളങ്ങളിലൊന്നാണ് റൂര്‍ക്കേല. വര്‍ഷങ്ങളായി ഇവിടെയാണ് ഇവര്‍ താമസിക്കുന്നതെങ്കിലും എല്ലാവരും എപ്പോഴും ഇവിടെ കാണില്ലായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ കുറച്ചു കാലങ്ങളായി പൊലീസ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയാണ് അവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതെന്ന് അധികൃതര്‍ പറയുന്നു. പ്രാദേശിക പൊലീസിന് ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തെലങ്കാനയില്‍ നിന്നുള്ള പൊലീസാണ് ഇവരം തിരിച്ചറിയാന്‍ സഹായിച്ചത്. അറസ്റ്റ് ചെയ്തതിനു ശേഷം ചോദ്യം ചെയ്യലിനായി ഇവരെ അജ്ഞാതമായ സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ് പൊലീസും ഐ.ബിയും.
Discussion about this post