ഓട്ടാവോ: ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കൊലപാതക കേസുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ കൂടുതൽ ആരോപണവുമായി കാനഡ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കെതിരെയാണ് കനേഡിയൻ ഉദ്യോഗസ്ഥർ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കനേഡിയൻ മണ്ണിൽ ഖാലിസ്ഥാൻ അനുകൂല വ്യക്തികൾക്കെതിരായ രഹസ്യാന്വേഷണ ദൗത്യങ്ങൾക്കും ആക്രമണത്തിനും ആഭ്യന്തരമന്ത്രി അമിത് ഷാ ‘അംഗീകാരം നൽകിയെന്നാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥർ സിഖ് വിഘടനവാദികളെ നിശ്ശബ്ദമാക്കാൻ ലക്ഷ്യമിട്ട് വിപുലമായ അക്രമ പ്രചാരണം സംഘടിപ്പിച്ചുവെന്ന് ആരോപിച്ച് കനേഡിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
കനേഡിയൻ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, നിജ്ജാറിന്റെ കൊലപാതകം ഒരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) യുടെ തന്ത്രത്തിന്റെ ഭാഗമാണ്. കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ സിഖ് വിഘടനവാദികളെക്കുറിച്ച് രഹസ്യാന്വേഷണം നടത്തിയതായും റിപ്പോർട്ട് വിശദമാക്കുന്നു. ഈ വിവരം RAW-യ്ക്ക് കൈമാറുന്നു, തുടർന്ന് കാനഡയിൽ പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളുടെ ലക്ഷ്യങ്ങൾ തിരിച്ചറിയാൻ ഇത് ഉപയോഗിക്കുന്നുവത്രേ.
സിംഗപ്പൂരിൽ ശനിയാഴ്ച നടന്ന ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയിൽ കനേഡിയൻ ഉദ്യോഗസ്ഥർ ഷായെക്കുറിച്ചുള്ള പരാമർശങ്ങളും അധിക തെളിവുകളും സംബന്ധിച്ച വിവരങ്ങൾ നൽകിയതായും വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് അവകാശപ്പെടുന്നു.
അതേസമയം ഇന്ത്യ കനേഡിയൻ പൗരൻമാർക്കെതിരായ കുറ്റകൃത്യങ്ങളെ പിന്തുണയ്ക്കുകയാണെന്നും സൗത്ത് ഏഷ്യൻ വംശജരായ കനേഡിയൻ പൗരൻമാർക്കെതിരെ കാനഡയുടെ മണ്ണിൽ നിന്നുകൊണ്ട് അതിക്രമങ്ങൾ നടത്തുകയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കുറ്റപ്പെടുത്തി
Discussion about this post