തിരുവനന്തപുരം: യാത്രയയപ്പ് ചടങ്ങിൽ അപമാനിക്കപ്പെട്ടതിന് പിന്നാലെ മനംനൊന്തുള്ള എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ കുറിപ്പുമായി ഡോ. ദിവ്യ എസ് അയ്യർ. വിശ്വസിക്കാനാവുന്നില്ല നവീനേ എന്ന് പറഞ്ഞുകൊണ്ടാണ് ദിവ്യ എസ് അയ്യർ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. പത്തനംതിട്ട കളക്ടറായിരുന്ന കാലത്ത് തങ്ങൾക്ക് ഒരു ബലമായിരുന്നു അദ്ദേഹമെന്നും അവർ പറയുന്നു. രവീൻ ബാബുവിനൊപ്പമുള്ള ചിത്രങ്ങളുൾപ്പെടെ പങ്കുവച്ചുകൊണ്ടായിരുന്നു ദിവ്യ എസ് അയ്യരുടെ കുറിപ്പ്.
കുറിപ്പിന്റെ പൂർണരൂപം
വിശ്വസിക്കാനാകുന്നില്ല നവീനേ!
പത്തനംതിട്ടയിൽ എന്റെ തഹസീൽദാരായി റാന്നിയിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് പകർത്തിയ ഈ ചിത്രത്തിൽ നിങ്ങൾ ആദരണീനായ റവന്യു മന്ത്രി കെ രാജൻ, റാന്നി എം എൽ എ പ്രമോദ് നാരായണൻ എന്നിവരെ തിരിച്ചറിയുന്നുണ്ടാകും. ആദ്യ ചിത്രത്തിൽ വലതു വശം എന്റെ പുറകെ ഇളം പച്ച ഷർട്ട് ഇട്ടു മാസ്‌ക് അണിഞ്ഞു നവീൻ നിൽപ്പുണ്ട്. രണ്ടാം ചിത്രത്തിലും പുറകിൽ പിങ്ക് ഷർട്ടും മാസ്‌കും അണിഞ്ഞു നവീൻ നിൽക്കുമ്പോൾ റവന്യു മന്ത്രി വിസിറ്റഴ്സ് നോട്ട് ഇൽ അഭിനന്ദനക്കുറിപ്പ് എഴുതുന്നു.
എന്നും ഞങ്ങൾക്ക് ഒരു ബലം ആയിരുന്നു തഹസീൽദാർ എന്ന നിലയിൽ റാന്നിയിൽ നവീന്റെ പ്രവർത്തനം. ഏതു പാതി രാത്രിയും, ഏതു വിഷയത്തിലും കർമ്മനിരതനായി, ഈ ചിത്രങ്ങളിൽ എന്നപോലെ ഗോപ്യമായി, സൗമ്യനായി, നവീൻ എന്ന പ്രിയപ്പെട്ട മികച്ച സഹപ്രവർത്തകൻ ഉണ്ടാകും. ഇനി എന്നെന്നേക്കുമായി കാണാമറയത്തു പോയെന്നോർക്കുമ്പോൾ… ??
അമ്മ മരണപ്പെട്ട തരുണത്തിൽ ഞാൻ നവീന്റെ വീട്ടിൽ പോയിരുന്നു. എത്ര മാത്രം തന്റെ അമ്മയെ ആദരിച്ചിരുന്ന മകൻ ആയിരുന്നു നവീൻ എന്നു അന്നു ഞാൻ തിരിച്ചറിഞ്ഞു. മഞ്ജുഷയെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാൻ വാക്കുകളില്ല. ദുഃഖം പേറുവാൻ ഞങ്ങളും ഒപ്പമുണ്ട്.
യാത്രയയപ്പ് ചടങ്ങിനിടെയാണ് കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന് നേരെ അധിക്ഷേപ പരാമർശം നടത്തിയത്. ഇന്ന് രാവിലെ ഏഴരയോടെയാണ് എഡിഎം നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലുള്ള അദ്ദേഹത്തിന്റെ ക്വാട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വരുന്ന ചൊവ്വാഴ്ച പത്തനംതിട്ട എ.ഡി.എം. ആയി ചുമതലയേൽക്കാനിരിക്കെയാണ് മരണം. യാത്രയയപ്പ് പരിപാടിയിൽ ഉദ്ഘാടകനായി കളക്ടർ അരുൺ കെ വിജയനെയാണ് ക്ഷണിച്ചിരുന്നതെങ്കിലും ചടങ്ങിനിടെ മനഃപൂർവ്വം പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കയറി വരുകയും പൊതുമധ്യത്തിൽ വച്ച് രൂക്ഷമായ വാക്കുകൾ ഉപയോഗിച്ച് നവീൻ ബാബുവിനെ കടന്നാക്രമിക്കുകയുമായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചു പറഞ്ഞിട്ടും പെട്രോൾ പമ്പിന് എൻ ഓ സി നൽകിയില്ല എന്ന കാര്യമാണ് ദിവ്യയെ പ്രകോപിപ്പിച്ചത്. ”ചെങ്ങളായിയിലെ ഒരു പെട്രോൾ പമ്പിന് എൻഒസി കൊടുക്കാൻ വൈകിയ വിഷയത്തിലായിരുന്നു ദിവ്യ ഉടക്കിയത്. തന്നെ വന്നു കണ്ട പരാതിക്കാരൻ എൻഒസി വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ഇതുപ്രകാരം താൻ എഡിഎമ്മിനോട് ഫോണിൽ ഈ കാര്യം ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ന്യായമായ ആവശ്യമായതിനാലാണ് താൻ ഇടപെട്ടത്. എന്നാൽ ഈക്കാര്യത്തിൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.” ഇദ്ദേഹം ഉപഹാരം വാങ്ങുന്നത് കാണാൻ താൽപര്യമില്ലാത്തതു കാരണം താൻ ചടങ്ങിനിടെ പോവുകയാണെന്ന് പറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്, തന്റെ പ്രസംഗം കഴിഞ്ഞതിനു ശേഷം ചടങ്ങ് ബഹിഷ്‌ക്കരിച്ചു കൊണ്ടു പുറത്തേക്ക് പോവുകയും ചെയ്തു.
Discussion about this post