ഇടുക്കി : ഇടുക്കിയിലെ രാജാക്കാട് പോലീസ് സ്റ്റേഷൻ കേരളത്തിലെ മറ്റു സ്റ്റേഷനുകളിൽ നിന്നും അല്പം ഡിഫറെന്റ് ആവുകയാണ്. സ്റ്റേഷനു മുൻപിൽ കിടക്കുന്ന പോലീസ് വാഹനം തന്നെയാണ് ഈ പോലീസ് സ്റ്റേഷനെ വ്യത്യസ്തമാക്കുന്നത്. സാധാരണ പോലീസ് വാഹനങ്ങളിൽ നിന്നും വ്യത്യസ്തമായി മാരുതി സുസുക്കി ജിംനി ആണ് രാജാക്കാട് പോലീസ് സ്റ്റേഷന്റെ മുഖമുദ്ര ആയി മാറിയിരിക്കുന്നത്.
കേരള പോലീസിലെ ആദ്യത്തെ മാരുതി സുസുക്കി ജിംനി ആണ് രാജാക്കാട് പോലീസ് സ്വന്തമാക്കിയിരിക്കുന്നത്. ഗ്രാനൈറ്റ് ഗ്രേയിൽ പൂർത്തിയാക്കിയ ജിംനിയുടെ ആൽഫ ടോപ്പ് എൻഡ് വേരിയന്റാണ് കേരള പോലീസ് തെരഞ്ഞെടുത്തിരിക്കുന്നത്. നേരത്തെ ഹൈറേഞ്ചിലെ പൊലീസ് സ്റ്റേഷനുകളിൽ ഉപയോഗിച്ചിരുന്ന ഫോഴ്സ് ഗൂർഖയ്ക്ക് പകരക്കാരനായാണ് ഇപ്പോൾ ജിംനി എത്തിയിരിക്കുന്നത്.
2023 ജൂണിലാണ് അഞ്ച് ഡോറുകളുള്ള ജിംനി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്. കഠിനമായ ഓഫ്റോഡ് യാത്രകൾക്ക് ഏറെ അനുയോജ്യമാണ് എന്നുള്ളതാണ് ജിംനിയുടെ പ്രത്യേകത. 12.74 ലക്ഷം രൂപ മുതൽ 14.95 ലക്ഷം രൂപ വരെയാണ് ജിംനിയുടെ എക്സ് ഷോറൂം വില. പവർ സ്റ്റീറിംഗും എസിയും ഇല്ലാത്ത ബേസ് മോഡൽ വണ്ടികളിൽ നിന്നും ഫുൾ ഓപ്ഷൻ ജിംനിയിലേക്ക് എന്ന അടിക്കുറിപ്പോടെ രാജാക്കാട് പോലീസ് തന്നെയാണ് പുതിയ വാഹനത്തിന്റെ വിശേഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
Discussion about this post