കൊല്ലം കലക്ടറേറ്റിലെ മോട്ടര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ് സേവാ കേന്ദ്രത്തിലെത്തുന്നവര്‍ക്ക് മൂക്കും പൊത്തിയോടേണ്ട അവസ്ഥയാണ്. വെള്ളിമൂങ്ങയും 7 കുഞ്ഞുങ്ങളുമാണ് ഇപ്പോള്‍ ഓഫിസിന്റെ സീലിങ്ങിനുള്ളില്‍ കഴിയുന്നത്. ഇവിടെ മൂങ്ങ കൂടുവച്ചിട്ട് രണ്ടാഴ്ചയിലധികമായി. തീറ്റയും മറ്റ് അവശിഷ്ടങ്ങളും അഴുകി ദുര്‍ഗന്ധം നിറഞ്ഞിരിക്കുന്നതിനാല്‍ ഓഫിസിലെ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഓഫിസിനുള്ളില്‍ ഇരിക്കാനാകാത്ത സ്ഥിതിയിലാണ്.
സേവാ കേന്ദ്രത്തിലെ മൂന്നു ജീവനക്കാരും മാസ്‌ക് വച്ചാണ് മുഴുവന്‍ സമയവും ജോലിചെയ്യുന്നത്. ഓഫിസിനുള്ളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പറ്റാത്ത സ്ഥിതിയിലാണ് അവര്‍. മൂങ്ങ മുട്ടയിട്ടപ്പോള്‍ തന്നെ എംവിഡി അധികൃതരെ തങ്ങള്‍ വിവരമറിയിച്ചെന്നാണ് സേവാ കേന്ദ്രം ജീവനക്കാര്‍ പറയുന്നത്.
എന്നാല്‍ മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങള്‍ വലുതാകട്ടെ എന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ഒരാഴ്ചയായിട്ടും പരാതിക്ക് നടപടിയില്ല. ഇത് രണ്ടാം തവണയാണ് സേവാകേന്ദ്രത്തില്‍ മൂങ്ങ കൂടുവയ്ക്കുന്നത്. ഏകദേശം 6 മാസം മുന്‍പ് കൂട് വച്ചപ്പോഴും വനംവകുപ്പ് ഇതുപോലെ നിസ്സംഗമായി പെരുമാറിയെന്നു പരാതിയുണ്ട്. വളരെ വൈകി മൂങ്ങയെയും കൂടിനെയും ഇങ്ങനെ ഓഫിസില്‍ നിന്നു മാറ്റിയിരുന്നു.
Discussion about this post