മുംബൈ: ദേശീയ പുരസ്‌കാര നേട്ടത്തിന് പിന്നാലെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച് നടി നിത്യ മേനൻ. എന്ത് സംഭവിച്ചാലും രണ്ട് അഭിപ്രായം പറയുന്നവർ എല്ലാ കാലങ്ങളിലും ഉണ്ടാകുമെന്ന് നടി പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകി. അഭിമുഖത്തിലായിരുന്നു നടി വിമർശനങ്ങളോട് പ്രതികരിച്ചത്. അതേസമയം വിഷയത്തിൽ നിത്യ മേനൻ നടത്തുന്ന ആദ്യ പ്രതികരണം കൂടിയാണ് ഇത്.
എല്ലാ കാലത്തും നമ്മുടെ ചുറ്റും പരസ്പര വിരുദ്ധമായ അഭിപ്രായങ്ങൾ പറയുന്നവർ ഉണ്ടാകും. വിജയം നമുക്ക് അർഹതപ്പെട്ടതാണോ അല്ലയോ എന്ന് ഇവർ തീരുമാനിക്കും. ഇപ്പോൾ തനിക്ക് പുരസ്‌കാരം ലഭിച്ചില്ലെങ്കിൽ നല്ല സിനിമകളും നിത്യ മേനൻ ചെയ്യുന്നില്ലെന്ന് ആളുകൾ പറഞ്ഞുനടക്കും. എന്നാൽ പുരസ്‌കാരം നേടിയാലോ, അർഹതയില്ലെന്നും മറ്റാർക്കോ ലഭിക്കേണ്ട പുരസ്‌കാരമാണ് ലഭിച്ചത് എന്ന് ഇവർ തന്നെ പറയുമെന്നും നിത്യ മേനൻ വ്യക്തമാക്കി.
ഈ ദേശീയ അവാർഡ് തനിയ്ക്ക് അർഹതപ്പെട്ടത് തന്നെയാണ്. അക്കാര്യത്തിൽ സംശയിക്കുന്നില്ല. സിനിമയിലെ ശോഭന എന്ന കഥാപാത്രത്തെ തന്റെ സിനിമാ ജീവിതത്തിലെ പുതിയ നാഴിക കല്ലായി കാണുന്നുവെന്നും നടി കൂട്ടിച്ചേർത്തു.
തിരുച്ചിത്രമ്പലം എന്ന സിനിമയിലെ അഭിനയത്തിനാണ് നിത്യ മേനന് ദേശീയ പുരസ്‌കാരം ലഭിച്ചത്. എന്നാൽ ഇതിന് പിന്നാലെ നിത്യയ്ക്ക് പുരസ്‌കാരത്തിനുള്ള അർഹതയില്ലെന്നും സായ് പല്ലവിയ്ക്ക് അർഹതപ്പെട്ട അവാർഡ് ആണ് ഇതെന്നും വിമർശിച്ച് ആരാധകർ രംഗത്ത് എത്തുകയായിരുന്നു. ഗാർഗി എന്ന തെലുങ്ക് ചിത്രത്തിൽ മികച്ച പ്രകടനം ആയിരുന്നു സായ് പല്ലവിയുടേത്.
Discussion about this post