ഉത്തര്‍പ്രദേശിലെ ലക്നോവിന് സമീപത്തെ ദേശീയപാതയില്‍ ഒരു ട്രക്ക് മറിഞ്ഞത് പൊലീസിന് തലവേദനയായി. 18 ടണ്‍ തക്കാളിയുമായി പോയ ട്രക്കാണ് മറിഞ്ഞത് എന്നത് തന്നെയാണ് കാരണം. നിലവില്‍ ഉത്തരേന്ത്യയില്‍ ഒരു കിലോ തക്കാളിക്ക് വില 100 രൂപയാണെന്ന കാര്യം തന്നെയാണ് പ്രശ്നമായത്.
വര്‍ദ്ധിച്ച് വരുന്ന മോഷണങ്ങള്‍ കൂടി കണക്കിലെടുത്ത് യുപി പോലീസ് ട്രക്കിനും തക്കാളിക്കും നേരെ വെളുക്കുവോളം കാവലിരുന്നു. കാണ്‍പൂരിന് സമീപം രാത്രി 10 മണിയോടെയായിരുന്നു സംഭവം. ബെംഗളൂരുവില്‍ നിന്നും ദില്ലിയിലേക്ക് തക്കാളി കൊണ്ട് പോവുകയായിരുന്ന ട്രക്കാണ് മറിഞ്ഞതെന്ന് ഡ്രൈവര്‍ അര്ജ്ജുന് പറഞ്ഞു.
രാത്രിയില്‍ റോഡിലുണ്ടായിരുന്ന പശുവിനെ ഇടിക്കുന്നത് ഒഴിവാക്കാന്‍ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്നും അര്ജ്ജുന് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെങ്കിലും ഡ്രൈവറുടെ സഹായിക്ക് നിസാര പരിക്കേറ്റിരുന്നു.
അതേസമയം ആരും കാവലിനില്ലാതെ റോഡിന് സമീപത്ത് ഇത്രയേറെ തക്കാളി കിടക്കുന്നത് മോഷണത്തിന് കാരണമാകുമെന്നതിനാല്‍ യുപി പോലീസ് ഉടനെ തന്നെ സംഭവസ്ഥലത്ത് എത്തുകയും തക്കാളിക്ക് സംരക്ഷണം നല്‍കുകയുമായിരുന്നു. റോഡ് മുഴുവന്‍ ചിതറിക്കിടക്കുന്ന തക്കാളിക്ക് സുരക്ഷയൊരുക്കി നില്ക്കുന്ന പോലീസിന്റെ വീഡിയോകള്‍ സമൂഹ മാധ്യമത്തില്‍ വൈറലായതിന് പിന്നാലെ പോലീസ് നടപടി സമൂഹ മാധ്യമങ്ങളില്‍ കയ്യടി നേടി.
Discussion about this post