ഇസ്ലാമാബാദ് : ഭൂതകാലത്തെ കാര്യങ്ങൾ മറന്ന് ഭാവിയിലേക്ക് മികച്ച അയൽക്കാരായി മാറാൻ ഇന്ത്യയും പാകിസ്താനും ശ്രമിക്കണമെന്ന് പാക്ക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) സമ്മേളനത്തിനായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാകിസ്താനിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
ഭരണകക്ഷിയായ പാകിസ്താൻ മുസ്‌ലിം ലീഗിൻറെ പ്രസിഡൻറും മൂന്നു തവണ മുൻ പ്രധാനമന്ത്രിയുമായ അദ്ദേഹം ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരുമായി നടത്തിയ ആശയവിനിമയത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ശുഭസൂചനയോടെ സംസാരിച്ചത്.
ജയ്ശങ്കറിന്റെ സന്ദർശനം ഒരു തുടക്കമാണ്. ഒരു പുതിയ അദ്ധ്യായം തുറക്കലാണ്. ഇത്തരം മീറ്റിംഗുകൾ മുന്നോട്ട് കൊണ്ട് പോകണം. അത് സാർക്കായാലും മറ്റേതെങ്കിലും അവസരമായാലും. ഇവ നഷ്ടപ്പെടുത്തരുത്. ഇതൊക്കെ ചെറിയ കാര്യങ്ങളല്ല. ഈ സന്ദർശനങ്ങൾ പ്രധാനമാണ്. ഇരു രാജ്യങ്ങളും നല്ല അയൽക്കാരെ പോലെ ജീവിക്കണം… ഭൂതകാലത്തിൽ നമുക്ക് കുറെ യധികം പ്രശ്നങ്ങളുണ്ടായിരുന്നു. ഭൂതകാലത്തെ കുഴിച്ചുമൂടുകയും ഭാവിയെക്കുറിച്ച് ചിന്തിക്കുകയും വേണം എന്ന് അദ്ദേഹം പറഞ്ഞു.
ഇരുപക്ഷവും മുൻകാലങ്ങളിൽ ‘നിരവധി തെറ്റുകൾ’ ചെയ്തിട്ടുണ്ട്. ഇരു രാജ്യങ്ങളും വ്യാപാര ബന്ധങ്ങൾ സാധാരണ നിലയിലാക്കാനും കൂടുതൽ ബിസിനസുകൾ പ്രവർത്തിക്കാൻ പ്രോത്സാഹിപ്പിക്കാനും ‘നടത്തേണ്ട സമയമാണിത്. നമ്മൾ 70 വർഷം പോരാട്ടത്തിൻറെ വഴിയിൽ ചെലവഴിച്ചു. അടുത്ത 70 വർഷത്തേക്ക് ഇത് തുടരാൻ അനുവദിക്കരുത്. എങ്ങനെ മുന്നോട്ട് പോകണമെന്ന് ഇരുപക്ഷവും ഇരുന്ന് ചർച്ച ചെയ്യണം- അദ്ദേഹം പറഞ്ഞു.’
Discussion about this post