എറണാകുളം : ‘അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ’ പോസ്റ്റർ പ്രകാശനം പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് നിർവ്വഹിച്ചു. അടുത്ത വർഷം മാർച്ച് 14, 15, 16 തീയതികളിൽ കോട്ടയത്ത് വച്ചാണ് ദേശീയ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നടക്കുക. പ്രമുഖ സിനിമാ സംവിധായകൻ ജി. അരവിന്ദന്റെ അനുസ്മരണാർത്ഥമാണ് ‘അരവിന്ദം’ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നടത്തപ്പെടുന്നത്.
തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നാണ് അരവിന്ദം. രണ്ട് വിഭാഗങ്ങളായിട്ടാണ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. ഒരു ലക്ഷം രൂപ വീതം സമ്മാനത്തുകയും മെമന്റോയും പുരസ്കാരമായി നൽകുന്ന പൊതു വിഭാഗമായും അര ലക്ഷം വീതം സമ്മാനത്തുകയുള്ള ക്യാമ്പസ് വിഭാഗമായും ആയിരിക്കും പുരസ്കാര സമർപ്പണം നടത്തുന്നത്. മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി, സംവിധായകൻ, സിനിമോട്ടോഗ്രഫി, തിരക്കഥ, എന്നിവയ്ക്ക് ഇരു വിഭാഗത്തിലും പുരസ്കാരങ്ങൾ ഉണ്ടായിരിക്കും.ഇത് കൂടാതെ നൽകിയിട്ടുള്ള വിഷയങ്ങൾ അടിസ്ഥാനമാക്കി ചിത്രീകരിച്ച ഒരു മികച്ച ചിത്രത്തിനും പുരസ്കാരമുണ്ടായിരിക്കും.
അരവിന്ദം ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിന് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾക്ക് പതിനായിരം രൂപയുടെ ക്യാഷ് അവാർഡും മൊമന്റോയും സമ്മാനമായി ലഭിക്കുന്നതാണ്. 2024 ജനുവരി ഒന്നു മുതൽ ഡിസംബർ 30 വരെയുള്ള കാലയളവിൽ പൂർത്തീകരിച്ചതോ റിലീസ് ചെയ്തതോ അല്ലാത്തതോ ആയ മുപ്പത് മിനിട്ടിൽ താഴെയുള്ള ഷോർട്ട് ഫിലിമുകൾ ആണ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് അയക്കാവുന്നത്.
കൊച്ചിയിൽ നടന്ന പോസ്റ്റർ പ്രകാശന പരിപാടിയിൽ തമ്പ് ഫിലിം സൊസൈറ്റി ഭാരവാഹികളായ ആർ.സാനു, ഷിജു ഏബ്രഹാം, ജയകുമാർ മൂലേടം, മനു മറ്റക്കര, അനിരുദ്ധ് ഏഴാച്ചേരി, ബിബിരാജ്, രമേശ് ലക്ഷ്മൺ തുടങ്ങിയവർ പങ്കെടുത്തു. നവംബർ ഒന്ന് മുതൽ ഫിലിം ഫ്രീ വേ.കോം (filmfreeway.com) എന്ന വെബ് സൈറ്റിലൂടെ എൻട്രികൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 7012864173 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യാം.








