ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ഉദയനിധിയുടെ വസ്ത്രധാരണം ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. ചെന്നൈ സ്വദേശിയും അഭിഭാഷകനുമായ സത്യകുമാർ ആണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
ഉദയനിധിയുടേത് തമിഴ്‌നാടിന്റെ സംസ്‌കാരത്തോട് ചേരുന്ന തരത്തിലുള്ള വസ്ത്രം അല്ലെന്ന് ഹർജിയിൽ പറയുന്നു. സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടക്കം പാലിക്കേണ്ട വസ്ത്രധാരണ രീതിയെക്കുറിച്ച് 2019 ൽ സർക്കാർ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതിന് വിരുദ്ധമായിട്ടാണ് ഉപമുഖ്യമന്ത്രിയുടെ വസ്ത്രധാരണ രീതി. അതിനാൽ ഉപമുഖ്യമന്ത്രിയെ നിയന്ത്രിക്കണം എന്നും ഹർജിയിൽ അദ്ദേഹം ആവശ്യപ്പെടുന്നു. സർക്കാർ ഉദ്യോഗസ്ഥരടക്കം ഷർട്ടിനൊപ്പം മുണ്ടോ ഫോർമൽ പാന്റ്‌സോ ധരിക്കണം എന്നാണ് സർക്കാർ നിർദ്ദേശത്തിൽ പറയുന്നത്. തമിഴ്‌നാടിന്റെ സംസ്‌കാരം ഉയർത്തിക്കാണിക്കുന്ന വസ്ത്രങ്ങൾ വേണം ധരിക്കാൻ എന്നും നിർദ്ദേശത്തിലുണ്ട്.
എന്നാൽ ഇതിന് വിരുദ്ധമായി ഉപമുഖ്യമന്ത്രികൂടിയായ ഉദയനിധി സ്റ്റാലിൻ ജീൻസും ടീ ഷർട്ടുമാണ് ധരിക്കാറുള്ളത്. വെളുത്ത നിറത്തിലുള്ള ടീ ഷർട്ടിൽ പാർട്ടിയുടെ ചിഹ്നമായ ഉദയസൂര്യന്റെ ചിത്രവും കാണാൻ സാധിക്കും. ഇതിന് പുറമേ അദ്ദേഹം കറുച്ച ക്യാഷ്വൽ ചെരിപ്പും ധരിക്കാറുണ്ട്. പൊതുവേദികളിലും യോഗങ്ങളിലും ഇതാണ് അദ്ദേഹം പാലിക്കുന്ന വസ്ത്രധാരണ രീതി.
Discussion about this post