ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ തീരമേഖലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി. രണ്ട് ദിവസത്തിനുള്ളിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് നിലവിലെ പ്രവചനം.
ഡാന എന്നാണ് ഈ ചുഴലിക്കാറ്റിന് പേര് നൽകിയിരിക്കുന്നത്. നിലവിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് ശക്തിപ്രാപിച്ച് ചുഴലിക്കാറ്റ് ആകാനുള്ള സാദ്ധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാണുന്നത്. ഈ മാസം 23 നോ 24 നോ ആയി ചുഴലിക്കാറ്റ് തീരത്തേയ്ക്ക് അടുക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഖത്തറാണ് ചുഴലിക്കാറ്റിന് ഡാന എന്ന പേര് നൽകിയത്.
നിലവിൽ കാറ്റിന്റെ സഞ്ചാര ഗതി സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ഇന്ത്യയെയും ബംഗ്ലാദേശിനെയും കാറ്റ് ഒരുപോലെ ബാധിക്കാനുള്ള സാദ്ധ്യതയുണ്ട്. കാറ്റ് ഇന്ത്യയുടെയോ ബംഗ്ലാദേശിന്റെയോ തീരത്ത് കൂടി കരയിൽ പ്രവേശിക്കാം. യൂറോപ്യൻ, അമേരിക്കൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പരിശോധിക്കുമ്പോൾ ഡാന ഖുൽന തീരത്തുകൂടി ബംഗ്ലാദേശിലേക്ക് കടക്കാനാണ് സാദ്ധ്യത. ഇന്ത്യയിലേക്ക് ഡാന പ്രവേശിക്കുന്നുണ്ടെങ്കിൽ അത് ഒഡീഷ തീരം വഴിയാകും.
അതേസമയം ഈ വർഷത്തെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ് ആകും ഡാന. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ ഉൾപ്പെടെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. മണ്ണിടിച്ചലിന് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
Discussion about this post