തിരുവനന്തപുരം : ഇനിമുതൽ റോഡുകളിൽ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഏതൊരു പൗരനും അത് വീഡിയോ എടുത്ത് അപ്‌ലോഡ് ചെയ്ത് കുറ്റവാളിക്ക് ശിക്ഷ വാങ്ങി നൽകാൻ കഴിയും. ഇക്കാര്യത്തിനായി ഒരു പുതിയ മൊബൈൽ ആപ്ലിക്കേഷൻ തന്നെ പുറത്തിറക്കിയിരിക്കുകയാണ് സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ്.
ഗതാഗത നിയമലംഘനങ്ങൾക്കുള്ള ശിക്ഷകൾ വേഗത്തിൽ ആക്കാൻ സഹായകരമാകുന്ന രീതിയിലാണ് മൊബൈൽ ആപ്ലിക്കേഷൻ സജ്ജമാക്കിയിരിക്കുന്നത്. വാഹനാപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കാൻ ഈ ആപ്പ് സഹായകരമാകും എന്നാണ് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നത്.
‘സിറ്റിസൺ സെന്റിനൽ’ എന്നാണ് മോട്ടോർ വാഹന വകുപ്പ് അവതരിപ്പിച്ചിരിക്കുന്ന ഈ പുതിയ ആപ്പിന്റെ പേര്. റോഡുകളിൽ കാണുന്ന കുറ്റകൃത്യങ്ങൾ ഫോട്ടോയോ വീഡിയോയോ ആയി ഈ ആപ്പിൽ അപ്‌ലോഡ് ചെയ്യാൻ കഴിയും. തുടർന്ന് വൈകാതെ തന്നെ വീഡിയോയിലെ കുറ്റകൃത്യങ്ങൾ പരിശോധിച്ചു വേണ്ട ശിക്ഷാ നടപടികൾ സ്വീകരിക്കാൻ കഴിയുന്ന രീതിയിലാണ് ഈ പുതിയ മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്.
ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ ആണ് സിറ്റിസൺ സെന്റിനൽ ആപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഗൂഗിൾ പ്ലേസ്‌റ്റോറിൽ ലഭ്യമാകുന്ന എംപരിവാഹൻ ആപ്പിന്റെ ഭാഗമാണ് സിറ്റിസൻ സെന്റിനൽ ആപ്പ്. രാജ്യത്ത് ഈ സംവിധാനം നടപ്പിലാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കേരളമെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. ആപ് ഇപ്പോൾ ട്രയൽ റണ്ണിലാണെന്നും ഉപയോഗിച്ചു മനസ്സിലാക്കിയ ശേഷം മാറ്റങ്ങൾ വരുത്തുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
Discussion about this post