ന്യൂഡൽഹി: ദുർലഭമായ ധാതുക്കളിൽ ചൈനയുടെ ആധിപത്യത്തെ ചെറുക്കാൻ നിർണായകമായ കരാറിലേർപ്പെടാനൊരുങ്ങി ഇന്ത്യയും അമേരിക്കയും. തങ്ങളുടെ വിതരണ ശൃംഖല സുരക്ഷിതമാക്കാനും ഈ മേഖലയിൽ ചൈന ഒറ്റക്ക് മുന്നേറുന്നത് തടയനുമാണ് മറ്റു രാജ്യങ്ങളെ കൂടി സംയുക്തമായി ഉൾപ്പെടുത്തുന്ന കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവെക്കാനൊരുങ്ങുന്നത്. ഭാവിയിൽ ഒരു സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടാൻ സഹായിക്കുന്ന ഒരു ചെറിയ ഉടമ്പടി അമേരിക്കയുമായി നടപ്പിൽ വരുത്താൻ ഇന്ത്യ ശ്രമിക്കുകയാണ് എന്ന വാർത്തയാണ് പുറത്ത് വരുന്നത്.
നിർണായകമായ ധാതു വിതരണ ശൃംഖല സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളിൽ മുഴുകിയിരിക്കുകയാണ് ഇന്ത്യ അമേരിക്ക , ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ. ഇലക്ട്രിക്ക് വാഹന നിർമ്മാണം ഉൾപ്പെടെ വളരെ പ്രാധാന്യമേറിയ പല ഭാവി സാങ്കേതിക വിദ്യകളും ഈ ദുർലഭ ധാതുക്കളെ ആശ്രയിച്ചാണിരിക്കുന്നത്.
നിലവിൽ ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ ലോകത്തെ ഭൂരിഭാഗം ഖനികളും ഉൽപ്പാദന സൗകര്യങ്ങളും നിയന്ത്രിക്കുന്നത് ചൈനയാണ്. ചൈനയുടെ ഈ അപ്രമാദിത്വം നിലനിൽക്കുകയാണെങ്കിൽ സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടികൾ ഈ രാജ്യങ്ങൾക്ക് നേരിടേണ്ടി വരും. ഇതൊഴിവാക്കാനാണ് ഒരു പരസ്പര ധാരണയും കരാറും നിലവിൽ വരുത്താനുള്ള നീക്കവുമായി ഈ രാജ്യങ്ങൾ മുന്നോട്ട് പോകുന്നത്.
“ഞങ്ങൾ ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു, അത് ഖനി മന്ത്രാലയം നടപ്പിലാക്കും. ഞങ്ങളുടെ വിതരണ ശൃംഖല സുരക്ഷിതമാക്കുക എന്നതാണ് ആശയം. നിർണായക ധാതു ധാരണാപത്രം ഒരു നിർണായക ധാതു പങ്കാളിത്ത കരാറാക്കി മാറ്റാനും ഒരു സ്വതന്ത്ര വ്യാപാര കരാറിന്റെ ആരംഭ പോയിൻ്റായി മാറാനും ഞാൻ നിർദ്ദേശിച്ചു,” വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ശനിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ വരുന്ന മാസങ്ങളിൽ ഈ കരാർ നടപ്പിലാക്കാൻ സാധ്യതയില്ല.
Discussion about this post