തിരുവനന്തപുരം: താരസംഘടനയായ അമ്മയിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് നടി മല്ലികാ സുകുമാരൻ. ജനറൽ സെക്രട്ടറിയായ മോഹൻലാലിന് ഇതെല്ലാം അറിയാം. സംഘടനയ്ക്കുള്ളിൽ പലരും അവരുടെ ഇഷ്ടങ്ങൾ നടത്താൻ നോക്കിയിട്ടുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
സംഘടനയുടെ ഭാഗമായിരുന്ന നടിയ്ക്ക് നേരെ ആക്രമണം ഉണ്ടായി എന്നത് നൂറ് ശതമാനം സത്യമാണ്. അതിൽ നിന്നുമാണ് ഇപ്പോഴത്തെ ചർച്ചകൾ എല്ലാം ആരംഭിച്ചത്. വർഷങ്ങൾ പിന്നിട്ടിട്ടും അന്വേഷണം എവിടെയും എത്തിയിട്ടില്ല. ഇതേക്കുറിച്ച് സർക്കാർ പറയണം എന്നും നടി ആവശ്യപ്പെട്ടു.
അമ്മയിൽ പല തെറ്റുകളും പറ്റിയിട്ടുണ്ട്. ഈ തെറ്റുകൾ എന്തൊക്കെയെന്ന് മോഹൻലാലിനും അറിയാം. സ്വന്തം ഇഷ്ടങ്ങൾ നടപ്പിലാക്കാൻ സംഘടനയിലെ ചിലർ ശ്രമിച്ചു. കൈനീട്ടം എന്ന പേരിലുള്ള സഹായം നൽകുന്നതിൽ പോലും വേർതിരിവ് ഉണ്ടായിരുന്നു. അർഹതപ്പെട്ട പലർക്കും ഈ സഹായം ലഭിച്ചില്ല. മാത്രമല്ല മാസത്തിൽ 15 ദിവസം വിദേശത്തേയ്ക്ക് പോകുന്നവർക്ക് സഹായം ഉണ്ടെന്നും മല്ലികാ സുകുമാരൻ കൂട്ടിച്ചേർത്തു.
മോശം പെരുമാറ്റം ഉണ്ടായാൽ ആദ്യം തന്നെ വിലക്കണം. ചാനൽ മൈക്കിന് മുൻപിൽ ഓരോരുത്തർ വന്ന് എന്തൊക്കെയാണ് പറയുന്നത്. അഭിനയിക്കാൻ അവസരം ലഭിക്കാൻ അഞ്ചും ആറും തവണ ഹോട്ടൽ മുറികളിൽ പോകുന്നത് എന്തിനാണെന്നും മല്ലിക സുകുമാരൻ ചോദിച്ചു.
Discussion about this post