ശ്രീനഗർ : ജമ്മുകശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിന് സമീപമാണ് ഭീകരാക്രമണം ഉണ്ടായത്. ഞായറാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തിൽ രണ്ടു തൊഴിലാളികൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തൊഴിലാളികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രൂക്ഷമായി വിമർശിച്ചു.
സെൻട്രൽ കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ഗഗൻഗീറിലെ ഇസഡ് മോഡ് ടണലിൻ്റെ ക്യാമ്പ്സൈറ്റിന് സമീപമാണ് ഞായറാഴ്ച വൈകുന്നേരം ഭീകരാക്രമണം ഉണ്ടായത്. തുരങ്കനിർമാണത്തിനെത്തിയ സ്വകാര്യ കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന തൊഴിലാളികളുടെ ക്യാമ്പിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. രണ്ട് തൊഴിലാളികൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
കശ്മീരിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു തുരങ്ക പാതയുടെ നിർമ്മാണത്തിനായി എത്തിയ തൊഴിലാളികൾക്ക് നേരെ നടന്ന ദാരുണമായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി നിതിൻ ഗഡ്കരി അറിയിച്ചു. ജമ്മു കശ്മീർ പോലീസ് സംഭവ സ്ഥലത്ത് ഉടൻതന്നെ എത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post