ഡല്‍ഹി: ഡല്‍ഹി പാട്യാല ഹൗസ് കോടതി വളപ്പില്‍ നടന്ന സംഘര്‍ഷങ്ങളില്‍ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി. അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
ജെ.എന്‍.യു കേസുമായി ബന്ധപ്പെട്ട് ക്രമസമാധാനനില തകരുന്നതില്‍ ആശങ്കയുണ്ട്. പ്രകോപനം കൂടാതെ ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ ആര്‍ക്കു വേണമെങ്കിലും എതിര്‍ക്കാം. വിഷയം ഇനിയും വഷളാകരുത്. എല്ലാവരും മിതത്വം പാലിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കോടതികളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാവില്ല. കോടതി അസ്ഥിരമായാല്‍ ഭരണസംവിധാനം തകരുന്ന സ്ഥിതിയുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
രാവിലെ കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ ഒരു അഭിഭാഷകനാണ് വിഷയം സുപ്രീംകോടതിയുടെ മുമ്പാകെ അവതരിപ്പിച്ചത്. വിഷയത്തില്‍ പ്രകോപനപരമായ പ്രതികരണങ്ങള്‍ അഭിഭാഷകര്‍ നടത്തരുതെന്നും കോടതി പറഞ്ഞു. പട്യാല ഹൗസ് കോടതിയില്‍ ഉണ്ടായ സംഘര്‍ഷത്തെക്കുറിച്ചു പരിശോധിക്കാന്‍ നിയോഗിച്ച ആറംഗ അഭിഭാഷകസംഘത്തിന്റെ റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് കോടതിയുടെ നിരീക്ഷണം.
അതേസമയം, കനയ്യ കുമാറിന് എതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഡല്‍ഹി പൊലീസ് ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ക്യാമ്പസിനുള്ളില്‍ കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നതിന് വ്യക്തമായ തെളിവില്ലാത്ത സാഹചര്യത്തിലാണ് ഡല്‍ഹി പൊലീസിന്റെ നടപടി.
Discussion about this post