ന്യൂഡൽഹി: നിസ്സാര കരണങ്ങൾക്കും വ്യക്തി വിരോധങ്ങളും കാരണം വിമാനങ്ങൾക്ക് വ്യാജ ഭീഷണി സന്ദേശം അയക്കുന്നവർ കൂടി വരുന്ന സാഹചര്യത്തിൽ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. ഇത്തരത്തിൽ വ്യാജ ഭീഷണി സന്ദേശം നൽകുന്നവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കാനുള്ള നിയമ ഭേദഗതിക്കാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. നിയമഭേദഗതി ഉടൻ കൊണ്ടുവരുമെന്നും കുറ്റവാളികളെ, വിമാന യാത്ര സാദ്ധ്യമാകാത്ത നോ ഫ്ളൈ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇന്ത്യൻ കമ്പനികളുടെ നൂറിലേറെ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി നേരിട്ട സാഹചര്യത്തിലാണ് വ്യോമയാന മന്ത്രാലയത്തിന്റെ നീക്കം. പരിശോധനയ്ക്കായി വിമാനങ്ങൾ തിരിച്ചിറക്കിയതിലൂടെ കോടികളുടെ നഷ്ടമാണ് കമ്പനികൾ നേരിട്ടത് . കണക്ടഡ് ഫ്ളൈറ്റുകൾ കിട്ടാതെ നൂറുകണക്കിന് യാത്രക്കാരാണ് വലഞ്ഞത്. കനിഷ്ക വിമാനസ്‌ഫോടനത്തെ തുടർന്ന് ഇത്തരം ഭീഷണികൾക്ക് വലിയ പ്രാധാന്യമാണ് വ്യോമയാന മന്ത്രാലയം നൽകുന്നത്. എന്നാൽ കേന്ദ്ര സംവിധാനങ്ങളുടെ ഈ ജാഗ്രതയെ, നിസ്സാര കാര്യങ്ങളുടെ പേരിൽ മുതലെടുക്കുന്ന പ്രവണത കൂടി വരുകയാണ്.
1980ലെ വ്യോമയാന സുരക്ഷാ നിയമത്തിൽ വിമാനത്തിൽ വച്ചുള്ള ഭീഷണിക്ക് ജീവപര്യന്തവും പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതിനു ഭേദഗതി വരുത്തി, പറക്കാനൊരുങ്ങുന്നതും പറക്കുന്നതുമായ വിമാനങ്ങൾക്ക് പുറത്തുനിന്നുള്ള ഭീഷണിയും ഇനി ഗുരുതര കുറ്റമാവും. അഞ്ച് വർഷം മുതൽ ജീവപര്യന്തം വരെയായിരിക്കും ശിക്ഷ. സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളാണ് ഭീഷണിക്കാർ കൂടുതലും ഉപയോഗിക്കുന്നത്. ഇതു തടയാനും നടപടിയുണ്ടാകും. കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു വ്യക്തമാക്കി.
Discussion about this post