ബത്തേരി വയനാട് അതിര്‍ത്തിയായ ബന്ദിപ്പുര്‍ കടുവ സങ്കേതത്തിലെ ദേശീയ പാതയില്‍ കാട്ടാനകള്‍ക്ക് മുന്നില്‍ അകപ്പെട്ടിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ആനക്കൂട്ടത്തെ വിരട്ടിയോടിച്ചാണ് ഇദ്ദേഹം രക്ഷപ്പെടുന്നത്. കര്‍ണാടകയിലെ ബന്ദിപ്പുര്‍-ഗുണ്ടല്‍പേട്ട് റോഡിലാണ് ഈ യുവാവിന്റെ അതിസാഹസിക രക്ഷപ്പെടല്‍.
കാട്ടാനകളെ കണ്ട് ബൈക്ക് തിരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആന യുവാവിന്റെ സമീപത്തെത്തുകയായിരുന്നു. ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ യുവാവ് ആനയുടെ മുന്നില്‍പ്പെട്ടു. ആന ആക്രമിക്കാന്‍ ശ്രമിച്ചു. യുവാവ് ബഹളംവച്ച് ഓടിച്ചപ്പോള്‍ ആനകള്‍ പിന്തിരിയുകയായിരുന്നു. ആനകള്‍ വനത്തിലേക്ക് തിരികെ കയറിയതോടെ യുവാവ് ബൈക്ക് എടുത്ത് യാത്ര തുടര്‍ന്നു.
ഒരു കുട്ടി ആനയും രണ്ട് വലിയ ആനകളുമായിരുന്നു ഉണ്ടായിരുന്നത്. പുറകിലുണ്ടായിരുന്ന ബസിലെ യാത്രക്കാരാണ് ദൃശ്യം പകര്‍ത്തിയത്. ആരായിരുന്നു യുവാവ് എന്ന വിവരം ലഭിച്ചിട്ടില്ല. എന്നാല്‍ ഭാഗ്യം കൊണ്ടാണ് ഇദ്ദേഹം രക്ഷപ്പെട്ടതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഈ വീഡിയോ കണ്ടിട്ട് ആരും ഇത് അനുകരിക്കാതിരിക്കുക. കുട്ടിയുമുള്‍പ്പെടെയുള്ള കാട്ടാന കൂട്ടത്തിന് നേരെ ശബ്ദം വെച്ചാല്‍ അവ ആക്രമിക്കാനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയാനാവില്ല. ഒരു തവണ രക്ഷപ്പെട്ടുവെന്ന് വെച്ച് എല്ലായ്‌പ്പോഴും അങ്ങനെയല്ലെന്ന് സാരം.
Discussion about this post