ന്യൂഡൽഹി : ശ്രീ കർതാർപൂർ സാഹിബ് ഇടനാഴി കരാർ അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ ഇന്ത്യയും പാകിസ്താനും തമ്മിൽ ധാരണയായി. 2019 ഒക്ടോബർ 24 മുതൽ നിലവിലുള്ള കരാർ ആണ് ഇപ്പോൾ അഞ്ചു വർഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ധാരണ പ്രകാരം പാകിസ്താനിലെ നരോവലിൽ സ്ഥിതിചെയ്യുന്ന ഗുരുദ്വാര ദർബാർ സാഹിബ് കർതാർപൂർ സന്ദർശിക്കാൻ ഇന്ത്യൻ തീർത്ഥാടകരെ അനുവദിക്കുന്നതാണ് ഈ കരാർ.
പാകിസ്താനിൽ സ്ഥിതിചെയ്യുന്ന ഗുരുദ്വാര സന്ദർശിക്കുന്നതിനായി സിഖ് തീർത്ഥാടകർക്ക് ഏറ്റവും എളുപ്പമുള്ള മാർഗമാണ് ശ്രീ കർതാർപൂർ സാഹിബ് ഇടനാഴി.
മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള വിസ നടപടികൾ ഒന്നുമില്ലാതെ തീർഥാടകർക്ക് അവരുടെ പാസ്‌പോർട്ടുകൾ മാത്രം ഉപയോഗിച്ച് ഗുരുദ്വാര സന്ദർശിച്ച് തീർത്ഥാടനം പൂർത്തിയാക്കാൻ ഈ ഇടനാഴി വഴി കഴിയും. എന്നാൽ കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം ഇന്ത്യ-പാക് ബന്ധം മോശമായിരുന്ന സാഹചര്യത്തിൽ ഇടനാഴി കരാർ പിന്നെയും നീട്ടുമോ എന്നുള്ള കാര്യത്തിൽ തീർത്ഥാടകർക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പാകിസ്താൻ സന്ദർശനത്തിന് പിന്നാലെയാണ് ശ്രീ കർതാർപൂർ സാഹിബ് ഇടനാഴി കരാർ അഞ്ചുവർഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.
ഇന്ത്യയിലും പാകിസ്താനിലുമായി താമസിക്കുന്ന സിഖ് സമൂഹത്തിൻ്റെ വിശ്വാസം അനുസരിച്ചുള്ള പുണ്യസ്ഥലമാണ് ശ്രീ കർതാർപൂർ സാഹിബ് ഗുരുദ്വാര. ശ്രീ ഗുരുനാനാക്ക് ദേവ് തൻ്റെ ജീവിതത്തിൻ്റെ അവസാന 18 വർഷം ചെലവഴിച്ച സ്ഥലമാണിത്. രവി നദിയുടെ പടിഞ്ഞാറൻ തീരത്തുള്ള കർതാർപൂർ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ഏകദേശം 4.5 കിലോമീറ്റർ അകലെ പാകിസ്താനിലെ നരോവൽ ജില്ലയിലുള്ള ശ്രീ കർതാർപൂർ സാഹിബ് ഗുരുദ്വാരയിലേക്ക് ഇന്ത്യൻ അതിർത്തി വഴി സുഗമമായി പ്രവേശിക്കുന്നതിനുള്ള മാർഗ്ഗമാണ് ശ്രീ കർതാർപൂർ സാഹിബ് ഇടനാഴി.
Discussion about this post