പത്തനംതിട്ട:നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയായി ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ വർഷങ്ങൾക്ക് ശേഷം കണ്ടെത്തി പോലീസ്. മരിച്ചുവെന്ന് കരുതിയ പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഫസലുദ്ദീനെ 21 വര്‍ഷത്തിനു ശേഷമാണ് പൊലീസ് കണ്ടെത്തിയത്. മലപ്പുറത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
2003 ലാണ് നിരവധി കേസുകളിൽ ഇയാളുടെ പങ്ക് വ്യക്തമായതിനെ തുടർന്ന് കോയിപ്രം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത് . അന്ന് പൊതുമരാമത്ത് വകുപ്പിൽ സൂപ്രണ്ടായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങി. പിന്നീട് രണ്ട് ദശാബ്ദത്തോളം ഇയാളെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.ഇയാൾ മരണപെട്ടുവെന്നാണ് പോലീസ് കണക്കാക്കിയത്.
എന്നാൽ പിന്നീട് പിടികിട്ടാപ്പുള്ളികളെ തിരയുന്നതിന്‍റെ ഭാഗമായി ഫസലുദ്ദീനെയും പൊലീസ് അന്വേഷിക്കുകയായിരുന്നു. അങ്ങനെ ബന്ധുക്കളുടെ ഫോൺ കോളുകൾ നിരീക്ഷിച്ചു. അപ്പോഴാണ് മലപ്പുറത്ത് നിന്ന് നിരന്തരം ഫോൺ വിളികൾ വരുന്നതായി പോലീസ് കണ്ടെത്തിയത് . ഒടുവിൽ പൊലീസ് അന്വേഷിച്ച് എത്തുമ്പോൾ സ്വകാര്യ സ്കൂളിൽ ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു ഫസലുദ്ദീൻ. അങ്ങനെ സ്കൂളിൽ നിന്ന് കയ്യോടെ പൊക്കുകയായിരുന്നു.
Discussion about this post