ന്യൂയോർക്ക്: ലോകപ്രശസ്ത ടെലിവിഷൻ ഷോ ആയ ടാർസനിൽ ടാർസനായെത്തിയ റോൺ ഇലി അന്തരിച്ചു. 86 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് റോണിന്റെ അന്ത്യം എന്നാണ് സൂചനകൾ.
റോണിന്റെ മകളാണ് മരണ വിവരം പുറത്തുവിട്ടത്. ഇക്കഴിഞ്ഞ സെപ്തംബർ 29 നാണ് മരണം എന്നാണ് മകൾ അറിയിക്കുന്നത്. അതേസമയം മരണം സംബന്ധിച്ച യഥാർത്ഥ കാരണം മകൾ പുറത്ത് അറിയിച്ചിട്ടില്ല. കുടുംബ സമേതം കാലിഫോർണിയയിലെ ലോസ് അൽമോസിൽ ആയിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.
സോഷ്യൽ മീഡിയിയിലൂടെയാണ് റോണിന്റെ വിയോഗം മകൾ ക്രിസ്റ്റീൻ പുറംലോകത്തെ അറിയിച്ചത്. ‘ ഏറ്റവും മികച്ച വ്യക്തിയെ ഈ ലോകത്തിന് നഷ്ടമായി- എനിക്ക് എന്റെ പിതാവിനെയും എന്നായിരുന്നു ക്രിസ്റ്റീൻ കുറിച്ചത്. എല്ലാവർക്കും തന്റെ പിതാവ് ഒരു ഹീറോ ആയിരുന്നു. എഴുത്തുകാരനും, കോച്ചും, നടനും, ഒരു നേതാവും, കുടുംബനാഥനും ആയിരുന്നു അദ്ദേഹമെന്നും മകൾ കൂട്ടിച്ചേർത്തു.
പ്രശസ്ത അമേരിക്കൻ നോവലിസ്റ്റായ എഡ്ഗാർ റൈസ് ബറോസ് രൂപം നൽകിയ സാഹസിക കഥാപാത്രമാണ് ടാർസൻ. 1912 ൽ ഒരു മാസികയിൽ പ്രസിദ്ധീകരിച്ച കഥയിലൂടെ കടന്നുവന്ന കഥാപാത്രം പിന്നീട് ചലച്ചിത്രമായി മാറുകയായിരുന്നു.
Discussion about this post