ഇന്ത്യൻ വംശജയായ പ്രശസ്ത ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു. 27 വർഷം നീണ്ടുനിന്ന സമാനതകളില്ലാത്ത ഒരു കരിയറിനാണ് ഇതോടെ വിരാമമായത്. 2026 ജനുവരി 20-നാണ് നാസ അവരുടെ വിരമിക്കൽ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.
നിലവിൽ ഇന്ത്യ സന്ദർശിച്ചുകൊണ്ടിരിക്കുന്ന സുനിത, പത്രസമ്മേളനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും തന്റെ വിരമിക്കൽ വാർത്ത സ്ഥിരീകരിച്ചു. മൂന്ന് ദൗത്യങ്ങളിലായി ആകെ 608 ദിവസം സുനിത ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. ഒരു നാസ സഞ്ചാരിയെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ വലിയ റെക്കോർഡാണിത്.
ഒൻപത് തവണയായി ആകെ 62 മണിക്കൂർ 6 മിനിറ്റ് ബഹിരാകാശത്ത് നടന്നതിലൂടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയായി അവർ മാറി. ബോയിംഗ് സ്റ്റാർലൈനർ പേടകത്തിൽ 2024 ജൂണിൽ തിരിച്ച പുറപ്പെട്ട അവർ, സാങ്കേതിക തകരാറുകൾ മൂലം 9 മാസത്തോളം ബഹിരാകാശ നിലയത്തിൽ തുടരേണ്ടി വരികയും 2025 മാർച്ചിൽ സ്പേസ് എക്സ് പേടകത്തിൽ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തുകയും ചെയ്തു.
ഡൽഹിയിലെ പത്രസമ്മേളനത്തിൽ അവർ പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധേയമാണ്:
“ബഹിരാകാശത്തുനിന്ന് നോക്കുമ്പോൾ രാജ്യങ്ങളുടെ അതിരുകളില്ല. നമ്മളെല്ലാം ഒരു ചെറിയ സൗരയൂഥത്തിലെ ഒരൊറ്റ കുടുംബമാണെന്ന് അവിടെയുള്ളപ്പോൾ തോന്നും. എന്റെ സുരക്ഷിതമായ മടങ്ങിവരവിനായി പ്രാർത്ഥിച്ച എല്ലാവരോടും എനിക്ക് വലിയ നന്ദിയുണ്ട്.”
ബഹിരാകാശത്ത് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയിലും (9 മാസത്തെ താമസം) പുഞ്ചിരിയോടെയും ധീരതയോടെയും നിന്ന സുനിത വില്യംസിനെ കാണാൻ ആയിരക്കണക്കിന് ആളുകളാണ് ഇന്ത്യയിൽ കാത്തിരിക്കുന്നത്. കോഴിക്കോട്ടെ സാഹിത്യോത്സവത്തിൽ അവരുടെ പ്രസംഗം കേൾക്കാൻ വലിയ ജനത്തിരക്കായിരിക്കും അനുഭവപ്പെടുക.












Discussion about this post