പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന് പറ്റിയ ഒരു ‘അമളി’യാണ് ഇപ്പോൾ ആഗോളതലത്തിൽ ചർച്ചയാകുന്നത്. സിയാൽകോട്ടിൽ പിസ ഹട്ടിന്റെ പുതിയ ഔട്ട്‌ലെറ്റ് എന്ന് കരുതി അദ്ദേഹം വലിയ ആഘോഷത്തോടെ ഉദ്ഘാടനം ചെയ്ത കട വ്യാജമാണെന്ന് തെളിഞ്ഞു. മന്ത്രി റിബൺ മുറിച്ചതിന് പിന്നാലെ, ഈ കടയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി പിസ ഹട്ട് പാകിസ്ഥാൻ ഔദ്യോഗിക കുറിപ്പ് ഇറക്കിയതോടെ സംഭവം വലിയ നാണക്കേടായി.
ചൊവ്വാഴ്ചയായിരുന്നു സിയാൽകോട്ട് കന്റോൺമെന്റിൽ പുതിയ പിസ ഹട്ട് ഔട്ട്‌ലെറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തത്. പിസ ഹട്ടിന്റെ ചിഹ്നവും ചുവന്ന മേൽക്കൂരയും ഒക്കെ കണ്ടാണ് മന്ത്രിയും സംഘവും കട യഥാർത്ഥമാണെന്ന് വിശ്വസിച്ചത്.
ഉദ്ഘാടന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഔദ്യോഗിക പിസ ഹട്ട് ഫ്രാഞ്ചൈസി രംഗത്തെത്തിയത്. “സിയാൽകോട്ട് കന്റോൺമെന്റിൽ പിസ ഹട്ടിന്റെ പേരും ബ്രാൻഡിംഗും വ്യാജമായി ഉപയോഗിച്ച് ഒരു ഔട്ട്‌ലെറ്റ് തുറന്ന വിവരം ഉപഭോക്താക്കളെ അറിയിക്കുന്നു. ഇതിന് പിസ ഹട്ട് പാകിസ്ഥാനുമായോ യം ബ്രാൻഡ്‌സുമായോ (Yum! Brands) യാതൊരു ബന്ധവുമില്ല.” ഈ ഔട്ട്‌ലെറ്റിൽ പിസ ഹട്ടിന്റെ അന്താരാഷ്ട്ര പാചകക്കുറിപ്പുകളോ ഗുണനിലവാരമോ പാലിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. ട്രേഡ്‌മാർക്ക് ദുരുപയോഗം ചെയ്തതിനെതിരെ അധികൃതർക്ക് പരാതി നൽകിയതായും കമ്പനി അറിയിച്ചു.
പാക് പ്രതിരോധ മന്ത്രിക്ക് ഒരു സാധാരണ കടയും അന്താരാഷ്ട്ര ബ്രാൻഡും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് ആരോപിച്ച് വലിയ രീതിയിലുള്ള പരിഹാസമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.










Discussion about this post