ആഴ്ചകളായി തുടരുന്ന ജനകീയ പ്രക്ഷോഭങ്ങൾക്കിടയിൽ ശക്തി തെളിയിക്കാൻ ഇറാൻ ഭരണകൂടം തിങ്കളാഴ്ച രാജ്യവ്യാപകമായി റാലികൾ നടത്തി. ‘അമേരിക്കൻ-സയണിസ്റ്റ് ഭീകരതയ്ക്കെതിരെയുള്ള ഇറാന്റെ ഉയിർത്തെഴുന്നേൽപ്പ്’ എന്ന പേരിൽ നടന്ന റാലികളിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ടെഹ്‌റാനിലെ എൻക്വിലാബ് സ്ക്വയറിൽ നടന്ന വൻ റാലിയെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാഫ് അഭിസംബോധന ചെയ്തു.
ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്കയും ഇസ്രായേലും ഇടപെടുകയാണെന്നും ഇത് അനുവദിക്കില്ലെന്നും റാലിയിൽ ഉയർന്ന മുദ്രാവാക്യങ്ങൾ വ്യക്തമാക്കി.
ഡിസംബർ 28-ന് തുടങ്ങിയ പ്രക്ഷോഭം അടിച്ചമർത്താൻ ഇറാൻ സർക്കാർ കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. റിപ്പോർട്ട് പ്രകാരം ഇതുവരെ 4,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. 26,000-ത്തിലധികം പേർ തടങ്കലിലാണ്. പ്രക്ഷോഭകരെ ‘ഫിത്‌ന’ (കുഴപ്പക്കാർ) എന്ന് വിശേഷിപ്പിച്ച ഭരണകൂടം, ഇവർക്കെതിരെ വധശിക്ഷ ഉൾപ്പെടെയുള്ള കർശന നടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. ജനുവരി 8 മുതൽ രാജ്യത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. ഇതിലൂടെ അടിച്ചമർത്തലുകളുടെ വിവരങ്ങൾ പുറംലോകം അറിയാതിരിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്
ഇറാനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത നിലപാടിലാണ്. പ്രതിഷേധക്കാരെ കൊല്ലുന്നത് തുടർന്നാൽ സൈനിക ഇടപെടൽ ഉണ്ടാകുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.










Discussion about this post