വാഷിംഗ്ടൺ: ഭൂമിയെ ലക്ഷ്യമിട്ട് മറ്റൊരു ഛിന്നഗ്രഹം കൂടി. 2002 എൻവി 16 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹമാണ് അൽപ്പസമയത്തിനുള്ളിൽ ഭൂമിയ്ക്ക് അരികിലൂടെ സഞ്ചരിക്കുക. 24 ന് രാത്രി 9 മണിയോടെയാകും ഛിന്നഗ്രഹം ഭൂമിയ്ക്ക് അരികിൽ എത്തുക എന്നാണ് നാസ വ്യക്തമാക്കിയിരിക്കുന്നത്.ഭൂമിയിൽ നിന്നും 45.2 ലക്ഷം കിലോ മീറ്റർ അകലെ കൂടിയാകും ഛിന്നഗ്രഹം കടന്നുപോകുകയെന്നാണ് കണക്കുകൂട്ടൽ.
വലിപ്പവും സാമീപ്യവും കാരണം അപകടസാധ്യതയുള്ള ഛിന്നഗ്രഹമായാണ് 363305 (2002 എൻ.വി 16) നെ കണക്കാക്കുന്നത്.580 അടിയാണ് ഛിന്നഗ്രഹത്തിന്റെ വലിപ്പം. മണിക്കൂറിൽ 17542 കിലോമീറ്റർ വേഗതയിലാണ് ഛിന്നഗ്രഹത്തിന്റെ സഞ്ചാരം. ഭൂമിയിൽ നിന്നും സുരക്ഷിത അകലത്തിലൂടെയാകും ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാത. എങ്കിലും സഞ്ചാര പാതയിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്ന് നാസ നിരീക്ഷിക്കുന്നുണ്ട്. ഭൂമിയുടെ ഗുരുത്വാകർഷണം മൂലം ഛിന്നഗ്രഹത്തിന്റെ പാതയിൽ ചെറിയ വ്യതിയാനങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നതിനാലാണ് ഇത്തരമൊരു നിരീക്ഷണം നടത്തുന്നത്.
Discussion about this post