പാറ്റ്ന: ഭർത്താവ് കൊലപ്പെടുത്തി എന്ന് കരുതിയ ഭാര്യ പുതിയ ഭർത്താവിനോടൊപ്പം പ്രത്യക്ഷപെട്ടു. ബീഹാറിലെ ആരയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഭർത്താവിൽ നിന്ന് ഗാർഹിക പീഡനം നേരിട്ട് ധരംഷീലാ ദേവിയെന്ന യുവതി, മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ സ്വന്തം വീട്ടിലെത്തി കുറച്ച് കാലത്തിനു ശേഷം തന്നെ അവരുടെ ‘അമ്മ മരണപെട്ടു. തുടർന്ന് പിതാവിന്റെ യുവതിയോടുള്ള സമീപനം മോശമായി.
ഇതിനെ തുടർന്ന് യുവതി വിഷാദാവസ്ഥയിൽ ആവുകയും, റെയിൽവേ പാളത്തിൽ ജീവനൊടുക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ റയിൽവേ പാളത്തിനടുത്ത് വച്ച് കണ്ട എന്ന വ്യക്തി ഇവരെ രക്ഷിക്കുകയും ആശ്രയമാവുകയും ചെയ്തു. ഇരുവരും പിന്നീട് അടുത്തുള്ള ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരാവുകയും ചെയ്തു.
അതേസമയം, മകൾ മരിച്ചെന്ന് വിശ്വസിച്ച പിതാവ് ആദ്യ ഭർത്താവ് ദീപക്കിനും മറ്റ് കുടുംബാംഗങ്ങൾക്കുമെതിരെ കൊലപാതകകുറ്റം ആരോപിച്ച് പരാതി നൽകി. 2020 ഒക്‌ടോബർ 31ന് സോൻ നദിക്ക് സമീപം അജ്ഞാത മൃതദേഹം പൊലീസ് കണ്ടെത്തി. പിന്നാലെ കൊലക്കുറ്റത്തിന് ദീപക്കിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജയിലാക്കുകയുമായിരുന്നു.
നാല് വർഷത്തിനുശേഷം ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ മിർഗഞ്ച് മൊഹല്ലയിൽ ധരംഷീലയെ പൊലീസ് ജീവനോടെ കണ്ടെത്തിയത് വഴിത്തിരിവായി. പിതാവ് തെറ്റായ പരാതിയാണ് നൽകിയതെന്ന് ചൂണ്ടിക്കാട്ടി യുവതി പൊലീസിന് മൊഴി നൽകി. മറ്റൊരു സ്ത്രീയുടെ ശരീരം തന്റേതാണെന്ന് തെറ്റിദ്ധരിപ്പിച്ച് തന്റെ ആദ്യ ഭർത്താവിനെ കുടുക്കുകയായിരുന്നുവെന്ന് അവർ വെളിപ്പെടുത്തി. നാല് വർഷത്തിന് ശേഷം ഭർത്താവ് ജയിൽ മോചിതനാവുകയും ചെയ്തു.
Discussion about this post