കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. എഴുപതുകളിലും അദ്ദേഹം മോളിവുഡിന്റെ മെഗാസ്റ്റാർ എന്നാണ് അറിയപ്പെടുന്നത് പോലും. വ്യത്യസ്തമായ കഥാപാത്ര പരീക്ഷണങ്ങൾ നടത്തി ആരാധകരെ ഞെട്ടിക്കുകയാണ് അദ്ദേഹം. തന്നെ മെഗാസ്റ്റാർ എന്ന് ആദ്യമായി അഭിസംബോധന ചെയ്തത് ദുബായ് മാദ്ധ്യമങ്ങളാണെന്നും പിന്നീട് എല്ലാവരും അത് ഏറ്റെടുക്കുകയായിരുന്നുവെന്നും മമ്മൂക്ക തന്നെ പല അവസരങ്ങളിൽ പറഞ്ഞിട്ടുണ്ട്.
‘1987ലാണ് ഒരു ഷോയ്ക്ക് വേണ്ടി ആദ്യമായി ദുബായിലേക്ക് പോകുന്നത്. അന്നവർ എനിക്കൊരു വിശേഷണം തന്നു. ‘ദി മെഗാസ്റ്റാർ’. ദുബായ് മാധ്യമങ്ങളാണ് എനിക്കാ വിശേഷണം തന്നത്. അല്ലാതെ ഇന്ത്യയിൽ നിന്നുള്ള ആരുമല്ല. ഞാൻ ദുബായിയിൽ എത്തിയപ്പോൾ അവരെഴുതി, ‘മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് ദുബായിയിൽ എത്തുന്നു’ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞിരുന്നത്. ആളുകൾ തന്നെ മമ്മൂക്ക എന്ന് വിളിക്കുന്നത് കേൾക്കാനാണ് ഇഷ്ടമെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.
എന്നാൽ സംഭവം ഇങ്ങനയോ അല്ലെന്നാണ് നടനും സംവിധായകനുമായ ശ്രീനിവാസൻ പറയുന്നത്. മമ്മൂട്ടിയെ മെഗാസ്റ്റാർ എന്ന് ആദ്യം വിളിച്ചത് മമ്മൂട്ടി തന്നെയാണെന്നാണ് ശ്രീനിവാസൻ പറയുന്നത്. ദുബായിൽ ഒരു ഷോയ്ക്ക് പോയിരുന്നു. ഞങ്ങളെ അവിടെയുള്ളവർക്ക് പരിചയപ്പെടുത്താനായി സ്റ്റേജിലേക്ക് വിളിച്ചു. മമ്മൂട്ടി പറയുന്നത് ഞാൻ കേട്ടതാണ്. സ്റ്റേജിലേക്ക് വിളിക്കുമ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി എന്ന് പറഞ്ഞിട്ടേ വിളിക്കാവു എന്ന്’ എന്നാണ് ശ്രീനിവാസൻ വെളിപ്പെടുത്തിയത്. ബാലയുടെ പുതിയ സിനിമയുടെ ടെറ്റിൽ ലോഞ്ചിൽ വച്ചായിരുന്നു ശ്രീനിവാസൻ ആ കഥ പങ്കുവച്ചത്.
Discussion about this post