തിരുവനന്തപുരം : വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. ഒരാഴ്ച മുൻപാണ് നിർമലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഴൂർ റെയിൽവേ സ്‌റ്റേഷനുസമീപം ശിഖാ ഭവനിൽ നിർമല 75യെ മകളും ചെറുമകളും ചേർന്നു കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ നിർമലയുടെ മൂത്തമകൾ ശിഖ (55) ശിഖയുടെ മകൾ ഉത്തര (34 )എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മരണത്തിൽ ആദ്യം മുതൽ തന്നെ ദുരൂഹതയുണ്ടായിരുന്നു. നിർമലയുടെ ഒപ്പം താമസിച്ചിരുന്ന മകളെയും ചെറുമകളെയും പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. സാമ്പത്തികകാര്യങ്ങളിലുള്ള തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ 14 ന് മകളുമായി നിർമല വഴക്കിട്ടിരുന്നു. നിർമലയ്ക്ക് ചിറയിൻ കീഴ് സർവീസ് ബാങ്കിൽ സ്ഥിരനിക്ഷേപമുണ്ട്. അതിന്റെ അവകാശിയായ മൂത്തമകളായ ശിഖയെ വയ്ക്കാത്തതിന്റ പേരിലും സ്വത്തുകളുടെ അവകാശം ശിഖയ്ക്ക് നൽകാത്തതിന്റെ പേരിലുമാണ് വഴക്ക് ഉണ്ടായത്. തുടർന്ന് ബെൽറ്റ് ഉപയോഗിച്ച് ശിഖ നിർമലയുടെ കഴുത്തിൽ ചുറ്റിവരിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. നിർമല മരിച്ചെന്ന് ഉറപ്പുവരുത്തിയ പ്രതികൾ ഈ വിവരം മറച്ച് വയ്ക്കുകയായിരുന്നു.
കഴിഞ്ഞ 17-നാണ് നിർമലയെ കിടപ്പുമുറിയിൽ മരിച്ചുകിടക്കുന്ന നിലയിൽ അയൽവാസിയായ സ്ത്രീ കണ്ടെത്തിയത്. വീട്ടിൽനിന്നു ദുർഗന്ധം വമിക്കുന്നതിൽ സംശയം തോന്നിയ ഇവർ വാർഡംഗത്തെയും നാട്ടുകാരാരെയും വിവരമറിയിക്കുകയായിരുന്നു. പിന്നീടുള്ള തിരച്ചലിലാണ് മൂന്ന് ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.
Discussion about this post