ഇപ്പോൾ കുറച്ച് ദിവസങ്ങളായി കേട്ട് വരുന്ന പേരാണ് ദാന ദാന എന്ന്. ഇതൊരു ചുഴലിക്കാറ്റിന്റെ പേരാണ്. കത്രീന നിസർഗ ഷഹീൻ , മിൽട്ടൺ എന്നിങ്ങനെയും ചുഴലിക്കാറ്റിന്റെ പേരുകളുണ്ട്. ഇതെന്താണ് മനുഷ്യന്റെ പേരുകൾ ചുഴലിക്കാറ്റിന് വച്ചിരിക്കുന്നത്. ഇത് എങ്ങനെയാണ് മനുഷ്യന്റെ പേരുകൾ വരുന്നത് എന്ന് അറിയാമോ… ?
ശക്തമായ കാറ്റും പേമാരിയും സൃഷ്ടിച്ചുകൊണ്ട് ഒരു ന്യൂനമർദ്ദ കേന്ദ്രത്തിനുചുറ്റും ചുഴറ്റിനിൽക്കുന്ന കൊടുങ്കാറ്റുകളുടെ ഒരു കൂട്ടമാണ് ചുഴലിക്കാറ്റ് . ഒരാഴ്ചയോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്നതാണ് ചുഴലിക്കാറ്റ്. ഒരേസമയം ഒന്നിൽ കൂടുതൽ ചുഴലിക്കാറ്റുകൾ ഉണ്ടായേക്കാം. ഇവ തമ്മിൽ തിരിച്ചറിയാനാണ് കാലാവസ്ഥാ പ്രവചനക്കാർ വ്യത്യസ്തമായ പേരുകൾ നൽകുന്നത്. ഒരേ സമയം രണ്ടോ അതിലധികമോ ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾ ഉണ്ടാകുമ്പോൾ എളുപ്പത്തിൽ ഓർമ്മിക്കപ്പെടുന്ന പേരുകൾ ഉപയോഗിക്കുന്നത് ആശയക്കുഴപ്പം കുറയ്ക്കുന്നു. ഉദാഹരണത്തിന്, ഒരു ചുഴലിക്കാറ്റ് മെക്‌സിക്കോ ഉൾക്കടലിൽ പതുക്കെ പടിഞ്ഞാറോട്ട് നീങ്ങുന്നു, അതേ സമയം തന്നെ മറ്റൊരു ചുഴലിക്കാറ്റ് അറ്റ്‌ലാന്റിക് തീരത്ത് വടക്കോട്ട് അതിവേഗം നീങ്ങുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ആശയകുഴപ്പം ഇല്ലാതിരിക്കാനാണ് പ്രധാനമായും പേരുകൾ നൽകി തുടങ്ങിയത്. ഈ വ്യത്യസ്തമായ പേരുകൾ നൽകുന്നതിൽ സ്ത്രീകളുടെയും പുരുഷൻമാരുടെയും പേരുകളാണ് മാറി മാരിയാണ് നൽകുന്നത്.
ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾക്ക് പേരുകൾ നൽകിയ ആദ്യത്തെ അറിയപ്പെടുന്ന കാലാവസ്ഥാ നിരീക്ഷകൻ ഓസ്ട്രേലിയൻ കാലാവസ്ഥാ നിരീക്ഷകനായ ക്ലെമന്റ് വാഗ് ആണ്. 19 -ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, അദ്ദേഹം ആദ്യം ഗ്രീക്ക് അക്ഷരമാലയിലെ അക്ഷരങ്ങളും പിന്നീട് ഗ്രീക്ക്, റോമൻ പുരാണങ്ങളിൽ നിന്നുള്ള പേരുകളും ഉപയോഗിച്ച പേര് ഇട്ടു തുടങ്ങി. 1953-ൽ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് കാലാവസ്ഥാ സേവനങ്ങൾ കൊടുങ്കാറ്റിന് സ്ത്രീനാമങ്ങൾ ഉപയോഗിക്കാൻ തുടങ്ങി . 1979ൽ ഇവയോടൊപ്പം പുരുഷന്മാരുടെ പേരുകളും പട്ടികയിൽ ചേർത്തു. നിലവിൽ ആറ് പട്ടികകളാണ് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ സൂക്ഷിക്കുന്നത്. ഈ പട്ടികകൾ ആവർത്തിച്ച് ഉപയോഗിക്കാറാണ് പതിവ്. അതിനാൽ, 2019ലെ പട്ടിക 2025ൽ വീണ്ടും ഉപയോഗിക്കും. എന്നാൽ, വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലുള്ള ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ പേരുകൾ ഇങ്ങനെ ആവർത്തിക്കുന്നില്ല. ഒരിക്കൽ ഉപയോഗിച്ചാൽ പിന്നെ ആ പേര് വീണ്ടുമുപയോഗിക്കാറില്ല.
ലോകമെമ്പാടുമുള്ള ആറ് റീജിയണൽ സ്‌പെഷ്യലൈസ്ഡ് മെറ്റീരിയോളജിക്കൽ സെന്ററുകളും (ആർഎസ്എംസി) അഞ്ച് റീജിയണൽ ട്രോപ്പിക്കൽ സൈക്ലോൺ വാണിംഗ് സെന്ററുകളുമാണ് (ടിസിഡബ്ല്യുസി) ചുഴലിക്കാറ്റുകൾക്ക് പേരിടുന്നതിനും അവ സംബന്ധിച്ച വിവരങ്ങൾ നിരീക്ഷിക്കുന്നതിനും ചുമതലപ്പെട്ടിട്ടുള്ളത്.
Discussion about this post