ന്യൂസിലാന്‍ഡില്‍ താന്‍ വംശീയ വിവേചനം നേരിടുന്നതായി ഇന്ത്യക്കാരനായ യുവാവിന്റെ പോസ്റ്റ്. രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്ന് ന്യൂസിലാന്‍ഡിലേക്ക് എത്തിയ യുവാവാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലൂടെ തന്റെ ദുരനുഭവം പങ്കുവെച്ചത്. തനിക്കുണ്ടായ അനുഭവങ്ങള്‍ തന്നെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായാണ് ‘Lopsided_Tennis69’ എന്ന പേരില്‍ റെഡ്ഡിറ്റില്‍ അറിയപ്പെടുന്ന യുവാവ് കുറിച്ചിരിക്കുന്നത്.
താന്‍ ഇവിടെ നേരിട്ടുകൊണ്ടിരിക്കുന്നത് കടുത്ത വിവേചനവും മാനസിക ബുദ്ധിമുട്ടുകളും ആണെന്നും യുവാവ് പോസ്റ്റില്‍ പറയുന്നു. സമാനമായ അനുഭവങ്ങള്‍ നേരിടുന്നവര്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്താനാണ് ഇത്തരത്തില്‍ ഒരു പോസ്റ്റ് എന്നും യുവാവ് പറയുന്നുണ്ട്.
‘ഞാന്‍ 29 വയസ്സുള്ള ഒരു ഇന്ത്യക്കാരനാണ്, രണ്ട് വര്‍ഷം മുമ്പ് നല്ലൊരു തുടക്കത്തിനായി ന്യൂസിലാന്‍ഡിലേക്ക് മാറി. ന്യൂസിലാന്‍ഡിനെ കുറിച്ച് ഒരു മികച്ച ചിത്രമാണ് തന്നിലുണ്ടായത്. പക്ഷേ എന്റെ അനുഭവം നിര്‍ഭാഗ്യവശാല്‍ അതില്‍ നിന്ന് വളരെ അകലെയാണ്. നേരിടേണ്ടിവന്ന അനുഭവങ്ങളില്‍ ഭൂരിഭാഗവും വംശീയ വിവേചനവും അവഗണനയും നിറഞ്ഞതായിരുന്നു. അപരിചിതരായ ആളുകള്‍ എന്നെ ചീത്ത വിളിക്കുന്നത് മുതല്‍ എന്റെ ഭാഷാശൈലിയുടെയും നിറത്തിന്റെയും പേരില്‍ പരിഹാസവും ഒറ്റപ്പെടുത്തലുകളും വരെ നേരിടേണ്ടി വന്നു.’ഞാന്‍ ഒരുപോലെ അവഗണിക്കപ്പെട്ടു. ആളുകള്‍ കൂട്ടത്തില്‍ കൂട്ടാതെ മാറ്റിനിര്‍ത്തി. വലിയ ആള്‍ക്കൂട്ടത്തിലും ഞാന്‍ ഒറ്റപ്പെട്ടവനായി. ഇന്ത്യയിലേക്ക് തന്നെ തിരിച്ചു പോകാന്‍ അവര്‍ പറയാതെ പറയുന്നതുപോലെയാണ് എനിക്ക് തോന്നിയത്.’
‘വിദേശത്തേക്ക് മാറിയതിന് ശേഷം നിങ്ങളില്‍ ആര്‍ക്കെങ്കിലും സമാനമായ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഇത്തരം അവസ്ഥകളെ നിങ്ങള്‍ എങ്ങനെയാണ് നേരിടുന്നത്? നിലവിലെ അവസ്ഥകള്‍ വലിയ മാനസിക സമ്മര്‍ദ്ദത്തിലേക്കാണ് എന്നെ തള്ളി വിടുന്നത്’ എന്നാണ് യുവാവിന്റെ പോസ്റ്റില്‍ പറയുന്നത്. കുറഞ്ഞ സമയം കൊണ്ട് തന്നെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും നിരവധിപ്പേര്‍ പ്രതികരണങ്ങള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post